തിരുവനന്തപുരം: സെക്കുലറിസത്തിന്റെ അടിസ്ഥാനം സയന്‍സാണെന്നും ശാസ്ത്രപ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി സിപി ജോണ്‍. തിരുവനന്തപുരം നിശാഗന്ധിയില്‍, എസ്സെന്‍സ് ഗ്ലോബല്‍ വാര്‍ഷിക സമ്മേളനമായ ‘ലിറ്റ്മസ്-26 വേദിയില്‍, ഈ വര്‍ഷത്തെ എസ്സെന്‍സ് പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. എസ്സെന്സിന്റെ വിഡിയോകളുടെ ഒരു പ്രേക്ഷകനാണ് താനെന്നും പ്രസ്ഥാനത്തിന്റെ ആശയങ്ങളോട് വലിയ അളവില്‍ യോജിപ്പും ചില ചെറിയ വിയോജിപ്പുകളും തനിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരോടും തുല്യ അകലം എന്നല്ല തുല്യ അടുപ്പം എന്നാണ് താന്‍ കാത്തുസൂക്ഷിക്കുന്ന നയമെന്നും സിപി ജോണ്‍ പറഞ്ഞു. നേരത്തെ കേരള യുക്തിവാദി സംഘവുമൊക്കെയായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും, ഹോമിയോപ്പതിയെ വിമര്ശിക്കുന്നതുപോലുള്ള എസെന്‍സിന്റെ നിലപാടുകളുമായി വിയോജിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ എസ്സെന്‍സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ. കെ എം ശ്രീകുമാര്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് സുഗുണന് നോച്ചോടും യങ് ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മനു എ. എസ്, സുരന് നൂറനാട്ടുകര, സുരേഷ് ബാബു ചെറൂളി എന്നിവരും അര്‍ഹരായി. രാവിലെ 8:30 മുതല്‍ വൈകുന്നേരം 7 മണി വരെ നീണ്ടുനിന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

ആരാണ് സവര്‍ക്കര്‍?
ചൂടേറിയ സംവാദങ്ങളും ചര്‍ച്ചകളുമാണ് ഇത്തവണത്തെ ലിറ്റ്മസിനെ ശ്രദ്ധേയമാക്കുന്നത്. ‘സവര്‍ക്കര്‍: നായകനോ വില്ലനോ?’ എന്ന ചോദ്യമുയര്‍ത്തിയ സംവാദത്തോടെയാണ് ലിറ്റ്മസിന് തുടക്കമായത്. കോണ്‍ഗ്രസ് പ്രതിനിധി അഡ്വ. വസന്ത് സിറിയക്കും, ബിജെപി പ്രതിനിധി ശങ്കു ടി. ദാസും തമ്മിലാണ് സംവാദം നടന്നത്.
ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രധാന നേതാക്കളില്‍ ഒരാളാണ് സവര്‍ക്കറെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ശങ്കു ടി. ദാസ് വാദിച്ചു. ബ്രിട്ടീഷ് ഭരണകൂടം ഏറ്റവും അപകടകാരിയായ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ദീര്‍ഘകാലം ക്രൂരമായ ജയില്‍ശിക്ഷ വിധിക്കുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനിയാണ് അദ്ദേഹം. ജയില്‍ മോചനത്തിന് ശേഷവും അദ്ദേഹം സാമൂഹിക നവീകരണത്തിനായി പ്രവര്‍ത്തിച്ചുവെന്നും ശങ്കു ടി. ദാസ് ചൂണ്ടിക്കാട്ടി.
എന്നാല്‍, ജയില്‍ മോചനത്തിന് ശേഷം സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉപകരണമായി മാറുകയായിരുന്നുവെന്ന് അഡ്വ. വസന്ത് സിറിയക് പറഞ്ഞു. മാപ്പപേക്ഷ നല്കി പുറത്തിറങ്ങിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറുകയും, ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടുന്നതിന് പകരം രാജ്യത്ത് വര്‍ഗീയ വിഭജനം സൃഷ്ടിച്ച് മുസ്ലീങ്ങളെ പ്രധാന ശത്രുക്കളായി ചിത്രീകരിക്കാനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുശീല്‍ കുമാര്‍ പി. സംവാദത്തിന്റെ മോഡറേറ്ററായിരുന്നു.

എന്തിന് പേപ്പട്ടി മതം എന്ന് വിളിക്കുന്നു!
‘എക്സ് മുസ്ലിം ഓവറാണോ’ എന്ന വിഷയത്തിലാണ് ശ്രദ്ധേയമായ ചര്‍ച്ച നടന്നത്. എക്സ് മുസ്ലിം പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ ആരിഫ് ഹുസൈന് തെരുവത്തും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ സി.എം. അഷ്റഫ് അന്‍സാരി പൊന്നാനിയും തമ്മിലായിരുന്നു ചൂടേറിയ ചര്‍ച്ച. വിഷ്ണു ജെ. മുരളീധരനായിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍.
ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആരിഫ് ഹുസൈനുമായി ഒരു ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചതെന്ന് സി.എം. അഷ്റഫ് അന്‍സാരി പറഞ്ഞു. എന്നാല്‍, എസെന്‍സ് പരിപാടികള്‍ മതനേതാക്കള്‍ ക്യാന്‍സല്‍ ചെയ്യുന്ന പ്രവണതയ്ക്കിടയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് തയ്യാറായി ഒരു ഉസ്താദ് വേദിയിലെത്തിയതില്‍ ആരിഫ് ഹുസൈന് സന്തോഷം പ്രകടിപ്പിച്ചു. ആരിഫ് യൂട്യൂബിലൂടെ നടത്തുന്ന ‘പേപ്പട്ടി മതം’ തുടങ്ങിയ പ്രയോഗങ്ങളെ അഷ്റഫ് മൗലവി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി, ഇസ്ലാമിനെ താന്‍ അല്ല ആദ്യമായി ‘പേപ്പട്ടി മതം’ എന്ന് വിളിച്ചിതെന്നും, എല്‍.ജി.ബി.ടി.ക്യു , ജെന്‍ഡര്‍ ന്യൂട്രല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങള്‍ കാണുമ്പോഴാണ് ‘റാബീസ് ഐഡിയോളജി’ പിന്തുടരുന്ന ഇത്തരം നിലപാടുകളെ വിമര്‍ശിക്കേണ്ടി വരുന്നതെന്നും ആരിഫ് വിശദീകരിച്ചു.

തനിക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത് വിസ്ഡം, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നാണെന്നും സമസ്തയില്‍ നിന്ന് താരതമ്യേന കുറഞ്ഞ വിമര്ശനമേ ഉള്ളൂവെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്, സ്വന്തം മകളെ വിവാഹം കഴിക്കാന്‍ ഖുര്‍ആനില്‍ അനുവാദമുണ്ടെന്ന് ആരോപിച്ച ആരിഫ് തെരുവത്തിന്റെ പരാമര്‍ശത്തിന് വ്യക്തത വരുത്താന്‍ സി.എം അഷ്റഫ് അന്‍സാരി ആവശ്യപ്പെട്ടു. ഇസ്ലാമില്‍ സ്വന്തം മകളെ വിവാഹം കഴിക്കാം എന്ന പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആരിഫ് മറുപടി നല്കി.
ആരിഫ് മായും സി രവിചന്ദ്രനുമായും, കൂടുതല്‍ സംവാദത്തിന് താന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടു ചര്‍ച്ച അവസാനിപ്പിച്ചു.
അവസാന സെഷനില്‍ സി രവിചന്ദ്രനും, സ്വാമി അധ്യാത്മനാനന്ദയും തമ്മിലാണ് ‘ദൈവം വിഭ്രാന്തിയോ’ എന്ന വിഷയത്തില്‍ മാറ്റുരച്ചത്. സ്വന്തം ഉള്ളിലേക്ക് നോക്കുകായാണ് നാം ചെയ്യേണ്ടത് എന്നും, ദൈവമെന്നത് എല്ലാവരിലുമുള്ള വെളിച്ചമാണെന്നും സ്വാമി അധ്യാത്മാനന്ദ പറഞ്ഞു. എന്നാല്‍ ഇതെല്ലാം വെറും വാചക്കക്കസര്ത്തും തട്ടിപ്പുമാണെന്നും, നാം ഉള്ളിലേക്കല്ല പുറത്തേക്കാണ് നോക്കേണ്ടത് എന്നും സി രവിചന്ദ്രന്‍ വാദിച്ചു. ദൈവം എന്നത് വിഭ്രാന്തി മാത്രമാണെന്നും, ഇത് സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കയാണെന്നും സി രവിചന്ദ്രന്‍ ചുണ്ടിക്കാട്ടി.
പഴഞ്ചന്‍ പൊതുബോധം മാറണം
നാടിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ അല്ല, മറിച്ച് ജനങ്ങളുടെ പഴഞ്ചന്‍ പൊതുബോധമാണെന്ന് ‘കളക്ടര്‍ ബ്രോ’ എന്നറിയപ്പെടുന്ന എന്‍. പ്രശാന്ത് പറഞ്ഞു. ലിറ്റ്മസ് 2026-ലെ ‘മലയാളി മെമ്മോറിയല്‍’ ചര്‍ച്ചയില്‍ പ്രവീണ്‍ രവിയുമായി സംസാരിക്കയായിരുന്നു അദ്ദേഹം. കൃഷി എന്നാല്‍ നെല്‍വയലുകള്‍ മാത്രമാണെന്ന ധാരണ മാറണമെന്നും ലാന്‍ഡ് റിഫോംസ് ആക്റ്റ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോളേജ് അധ്യാപക സംഘടനകളുടെ പിടിവാശി മൂലം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ കോഴ്സുകള്‍ വരാത്തതും യുവാക്കള്‍ നാടുവിടുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘ഇ-ഓഫീസ്’ സൗകര്യം നല്കി എവിടെയിരുന്നും ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്നും, പൊതുജനങ്ങളുടെ കാഴ്ചപ്പാട് മാറിയാല്‍ മാത്രമേ ഭരണതലത്തിലും വികസനപരമായ മാറ്റങ്ങള്‍ സാധ്യമാകൂ എന്നും ചര്‍ച്ച വ്യക്തമാക്കി.

എഴുത്തുകാരനായ ടി ഡി രാമകൃഷ്ണന്, വി ജെ ജെയിംസ്, ചലച്ചിത്രകാരന് ജയന് ചെറിയാന്, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ എ പി അഹമ്മദ്, പ്രൊഫസര്‍ ടി ജെ ജോസഫ്, തുടങ്ങിയ നിരവധി പ്രഭാഷകര്‍ ലിറ്റ്മസിന്റെ ഭാഗമായി. രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30ന് പരിപാടി അവസാനിക്കുന്നതുവരെ തിങ്ങിനിറഞ്ഞ ജനക്കൂട്ടമാണ് നിശാഗന്ധയില് ഉണ്ടായിരുന്നത്.

