തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് രക്ഷപെട്ട 17 തടവുകാരിൽ 12 പേരെ പിടികൂടി. മറ്റുള്ളവർക്കായി ഇടുക്കി അതിർത്തി മേഖലകളിൽ ഉൾപ്പെടെ തിരച്ചിൽ ഊർജിതമാണ്. ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ചുമതലയിൽ വീഴ്ച വരുത്തിയതിന് 2 ഹെഡ് കോൺസ്റ്റബിൾമാർ, 7 ജയിൽ വാർഡൻമാർ എന്നിവരുൾപ്പെടെ 9 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും അഭിനയിച്ചതിനെ തുടർന്ന് സഹായത്തിനായി ഉള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിക്കുകയായിരുന്നു. തടവുകാരുടെ പെട്ടെന്നുള്ള ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ തങ്കപാണ്ഡിക്കും മറ്റ് രണ്ട് ജീവനക്കാർക്കും പരുക്കേറ്റു. തങ്കപാണ്ഡിക്ക് തലയ്ക്കാണ് പരുക്കേറ്റത്.
ഉദ്യോഗസ്ഥരെ മർദ്ദിച്ചവശരാക്കിയ ശേഷം 17 വിചാരണ തടവുകാരുടെ സംഘം ജയിൽ വളപ്പിൽ നിന്ന് ചാടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ചിട്ടുണ്ട്.
തേനി തെക്കംപട്ടി സബ് ജയിലിൽ നിന്ന് രക്ഷപെട്ട 17 തടവുകാരിൽ 12 പേരെ പിടികൂടി
