തിരുവനന്തപുരം: കഴക്കൂട്ടം എയർപോർട്ട് റോഡിൽ പിഞ്ചുകുഞ്ഞിന്റെ കൈകളിൽ സ്റ്റിയറിങ് നൽകി അമിതവേഗതയിൽ അപകടകരമായി കാറോടിച്ച സംഭവത്തിൽ നടപടിയെടുത്ത് കഴക്കൂട്ടം പൊലീസ്. വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും.
വിഷയത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
കഴക്കൂട്ടം എയർപോർട്ട് റോഡിലെ മേൽപ്പാലത്തിലൂടെ കാർ കടന്നുപോകുമ്പോഴാണ് മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഡ്രൈവിങ് സീറ്റിൽ പിതാവിന്റെ മടിയിലിരുത്തി വാഹനം ഓടിക്കാൻ അനുവദിച്ചത്. ഏകദേശം 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് വാഹനം പാഞ്ഞുകൊണ്ടിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ച് വാഹനം നിയന്ത്രിക്കുന്ന അപകടകരമായ രംഗം പിന്നാലെ കാറിലെത്തിയ മറ്റ് യാത്രക്കാരാണ് മൊബൈൽ ഫോണിൽ പകർത്തിയത്. യാത്രക്കാരുടെ ജീവനും റോഡ് സുരക്ഷയ്ക്കും ഭീഷണിയുയർത്തിയുള്ള ഈ അശ്രദ്ധ കണ്ടുനിൽക്കാനാകാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അവർ വ്യക്തമാക്കി.
ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, കുഞ്ഞിനെ മടിയിലിരുത്തിയ ഡ്രൈവർ വാഹനം നിർത്താതെ കൂടുതൽ വേഗതയിൽ ഓടിച്ചുപോകുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സ്വന്തം കുഞ്ഞിന്റെയും റോഡിലൂടെ പോകുന്ന മറ്റ് നിരപരാധികളുടെയും ജീവൻ പണയപ്പെടുത്തിയുള്ള ഈ നിയമലംഘനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

