തിരുവനന്തപുരം : മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ രാജിവച്ചു. സാമൂഹ്യ മാധ്യമത്തിൽ ശ്രീലേഖ രാജിവച്ചതായി കുറിപ്പ് പങ്കുവച്ചു. ശാസ്തമംഗലം വാർഡിലെ കൗൺസിലർ ആണ് ശ്രീലേഖ . ബിജെപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന രാജിയാണ് ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഭരണം പോലും തുലാസിൽ ആകുന്ന രീതിയിലാണ് ബിജെപിക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയുടെ പ്രധാന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ശ്രീലേഖ . ചില പ്രതിഷേധവും ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അംഗബലം പ്രതിസന്ധിയിലാകുന്നതോടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകും. സുഗതന് പിന്നാലെ ബിജെപിക്ക് കനത്ത ആഘാതമാണ് ശ്രീലേഖയുടെ രാജിയിലൂടെ സംഭവിച്ചിരിക്കുന്നത്.
ശ്രീലേഖ കൂടി രാജിവെക്കുന്നതോടെ 49 പേരുടെ അംഗബലം മാത്രമായി ചുരുങ്ങുകയാണ് കോപ്പറേഷനിൽ ബിജെപി . സ്വതന്ത്രന്റെ പിന്തുണ സ്വീകരിച്ചാണ് നഗരസഭയിൽ ബിജെപി ഭരണം നടത്തുന്നത്. അപ്രതീക്ഷിതമായ രാജി ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായതോടെ ബിജെപിയുടെ കോർപ്പറേഷൻ ഭരണം തുലാസിൽ ആകുകയാണ്.
സുഗതൻ്റ കാര്യത്തിലും പല അഴിമതി വിഷയങ്ങളിലും ബിജെപിയുടെ നിലപാടുകൾക്ക് എതിരായിരുന്നു ശ്രീലേഖ . പലപ്പോഴും കൗൺസിൽ യോഗത്തിൽ വന്നാലും പ്രതികരിക്കാതെ നിലകൊള്ളുന്ന സാഹചര്യമായിരുന്നു. ഏറെ നാളുകളായി ബിജെപിയിൽ പുകയുന്ന വിയോജിപ്പുകൾക്കും ആഭ്യന്തര പ്രശ്നങ്ങൾക്കും പിന്നാലെയാണ് ശ്രീലേഖയുടെ രാജി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാസ്തമംഗലം വാർഡിലെ പ്രവർത്തനങ്ങളിലും കൗൺസിലറുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഓഫീസിലും വരാറില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ . മേയർസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയും പിന്നീട് വിജയിച്ച ശേഷം തന്നെ ഒഴിവാക്കുകയും ചെയ്തതിൽ ശ്രീലേഖ പരിഭവവും പ്രതിഷേധവും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അതുമായി യോജിച്ചു പോയെങ്കിലും ശ്രീലേഖയ്ക്ക് മാനസികമായി പല ഘട്ടങ്ങളിലും ബിജെപിയുടെ പ്രവർത്തനങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു. വട്ടിയൂർക്കാവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഏറെ പ്രതീക്ഷയോടെയാണ് ശ്രീലേഖ നിന്നിരുന്നത്. എന്നാൽ അവിടെ മൂന്നാം സ്ഥാനത്ത് പോയതും ശ്രീലേഖയ്ക്ക് തിരിച്ചടിയായി.

