കെ വി നിരഞ്ജന്
തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളില്‍ സകല അന്ധവിശ്വാസികളും വര്‍ഗീയവാദികളും കേറി നിരങ്ങുന്ന കാലമാണിത്. വിസ്ഡം മുജാഹിദുകള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മറകെട്ടിത്തിരിച്ച് ക്ലാസെടുത്തെത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ ശാസ്ത്രപ്രചാരകര്‍ക്കും നിരീശ്വരവാദികള്‍ക്കും അത്തരം കലാലായങ്ങളില്‍ പ്രവേശനമില്ല എന്ന് വന്നാലോ? കോളജ് ഓഫ് എഞ്ചിനീയറിങ്് ട്രിവാന്‍ഡ്രം ( സി ഇ ടി)യില്‍ ഒക്ടോബര്‍ 4ന് നടക്കാനിരുന്ന, എസെന്‍സ് ഗ്ലോബലിന്റെ പരിപാടിക്കാണ്, വിലക്കുണ്ടായിരിക്കുന്നത്.
കോളജില്‍ നടക്കുന്ന ‘ധ്വനി 2026’ എന്ന പരിപാടിക്കിടെയാണ്, ‘ശാസ്ത്രം പറയുന്നു’ എന്ന സെഷന് വെച്ചത്. സി രവിചന്ദ്രന്‍, ചന്ദ്രശേഖര്‍ രമേഷ്, അനുപമ രാധാകൃഷ്ണന് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. 2019-ലും 2024ലുമൊക്കെ എസെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ ഇവിടെ പരിപാടി സംഘടിപ്പിച്ചതാണ്. അന്നും സി രവിചന്ദ്രനടക്കമുള്ള ആളുകള്‍ ഈ കാമ്പസില്‍ സംസാരിച്ചതുമാണ്. ആ ബന്ധംവെച്ചാണ് തങ്ങള്‍ ‘ധ്വനി’ യുടെ സംഘാടകരമായി സംസാരിച്ചത് എന്നാണ് എസെന്‍സ് ഗ്ലോബല്‍ ഭാരവാഹികള്‍ പറയുന്നത്. ഇതുപ്രകാരം സമയക്രമവും, പോസ്റ്റുമൊക്കെ അടിച്ചു. ഇതെല്ലാം പബ്ലിഷ്ചെയ്തതും ധ്വനി സംഘാടകരുടെ അനുമതിയോടെയാണ്. ഇപ്പോള്‍ എല്ലാ പ്രചാരണങ്ങളും പൂര്‍ത്തിയായ ശേഷമാണ്, ചില വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍പ്പുണ്ടെന്നും അതിനാല്‍ പരിപാടി റദ്ദാക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചത്.
‘ധ്വനി’ സംഘാടകര്‍ ചില വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് എന്ന് പറയുന്നതല്ലാതെ ആര്‍ക്കാണ് എതിര്‍പ്പ് എന്ന് പറയുന്നില്ല. കോളജ് അധികൃതരും ഇക്കാര്യത്തില്‍ കൈ മലര്‍ത്തുകയാണ്. കോളജ് യൂണിയന് ഭരിക്കുന്നത് കെ എസ് യുവാണ്. അവര്‍ ഔദ്യോഗികമായി ഇതില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ ചില ഇസ്ലാമിക സംഘടനകളും ഗ്രൂപ്പുകളും, സംഘാടകരെ സമ്മര്ദത്തിലാക്കുകയായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. എസെന്‍സ് ഗ്ലോബലും സി രവിചന്ദ്രനും നടത്തുന്ന ഇസ്ലാമിക വിമര്‍ശനമാണ് ഇവരെ ചൊടിപ്പിച്ചത് എന്നാണ് അറിയുന്നത്. പക്ഷേ ഇസ്ലാമിക വിമര്‍ശനം മാത്രമല്ല, ഹിന്ദുത്വയും ക്രിസ്റ്റിയാനിറ്റിയും തൊട്ടുള്ള സകല മതവാദത്തെയും, അശാസ്ത്രീയമായ ചികിത്സകളെയും നിരന്തരം വിമര്‍ശിക്കുന്നവരാണ് തങ്ങളെന്നുമാണ് എസെന്‍സ് ഗ്ലോബല്‍ പറയുന്നത്. ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനെ മുസ്ലീം വിമര്‍ശനമാക്കി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്, നടക്കുന്നതെന്നാണ് സ്വതന്ത്രചിന്തകര്‍ സോഷ്യല്‍ മീഡിയയിലുടെ ചൂണ്ടിക്കാട്ടുന്നത്.
സ്വതന്ത്രചിന്തകനും യുട്യൂബറുമായ പ്രവീണ്‍ രവി ഇങ്ങനെ എഴുതുന്നു-”
കേരളത്തിലെ ക്യാമ്പസുകളില്‍ സകല അന്ധവിശ്വാസിക്കും കയറി നിരങ്ങാം. ലഹളയുണ്ടാക്കാം, വിദ്യാര്‍ഥികളെ തമ്മില്‍ തല്ലിക്കാം, മത പാര്‍ട്ടികളുടെ സ്റ്റുഡന്‍സ് യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാം. പക്ഷെ ശാസ്ത്രം പറയാന്‍ പാടില്ല.
വിദ്യാഭ്യാസ വകുപ്പിനെ പതിയെ ജിഹാദികള്‍ കീഴടക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഈ പരിപാടിക്കെതിരെ പരാതി കൊടുത്തു എന്ന് പറയുന്ന ചില വിദ്യാര്‍ത്ഥികള്‍ , വെറും ചില വിദ്യാര്‍ത്ഥികള്‍ അല്ല, കാരണം അതീവ പ്രാധാന്യത്തോടെ ഈ വാര്‍ത്ത കൊടുത്ത ഒരു മാധ്യമം, മീഡിയ വണ്‍ ആണ്. കൂടാതെ ജിഹാദി നെറ്റ്വര്ക്കില് ഉള്ള മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും. അതുകൊണ്ടുതന്നെ ഈ ചില വിദ്യാര്‍ത്ഥികള്‍ ആരാണ് എന്ന കാര്യത്തില്‍ നമുക്ക് കൃത്യമായ ധാരണയുണ്ട്.
സ്ത്രീവിരുദ്ധനായ, ഹോമോഫോബിക്കായ, ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരെ സംസാരിക്കുന്ന, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന അബ്ദുള്ള ബാസിലിന് ഈ അടുത്ത ഇടയ്ക്കാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ അനുവാദം ലഭിച്ചത്.
ആലോചിച്ചുനോക്കൂ, വൈകിയെത്തിയത് കൊണ്ട് ആയിരക്കണക്കിന് ആളുകളെ വഹിച്ചുകൊണ്ടുപോകുന്ന തീവണ്ടി നഷ്ടപ്പെടുത്തിയത് അപകടത്തില്‍പെടാന്‍ പോകുന്ന തീവണ്ടിയില്‍ നിന്നും തന്നെ ദൈവം രക്ഷിച്ചതാണ് എന്ന് പറയുന്ന ഉണ്ണാക്കന്മാര്ക്ക് ക്യാമ്പസുകളില്‍ വേദി ലഭിക്കുമ്പോള്‍, ഭരണഘടന മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന, ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്ക് എതിരെ ഏതാനും ചില വിദ്യാര്‍ത്ഥികളെ അണിനിരത്തി പരിപാടി തന്നെ റദ്ദ് ചെയ്യാന്‍ കഴിഞ്ഞു എന്നതും സമകാലീന കേരളം എങ്ങോട്ട് പോകുന്നു എന്നതിന് തെളിവാണ്. ഇതുകൊണ്ടൊന്നും ഈ നാട്ടിലെ യുവാക്കളെ അറിവ് നേടുന്നതില്‍ നിന്നും ശാസ്ത്രബോധം നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ മത സ്കൂളുകളും മതസ്ഥാപനങ്ങളും എത്രയൊക്കെ ശ്രമിച്ചാലും അത് പരാജയപ്പെടും. ”- പ്രവീണ്‍ രവി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി ഒരുപാട് സ്വതന്ത്രചിന്തകരും പോസ്റ്റിടുന്നുണ്ട്.

