Special Report
സാമ്പത്തിക പരാധീനതകൾക്ക് നടുവിൽ, വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടു പോകാൻ വിഭവസമാഹരണത്തിനായുള്ള പല മാർഗങ്ങൾ തേടുകയാണ് സർക്കാർ. ഒട്ടും ഭദ്രമല്ലാത്ത സാമ്പത്തിക സ്ഥിതി തുറന്ന് കാട്ടുന്ന ധവളപത്രത്തിൽ , കരകയറാനായി പല ശുപാർശകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിൽ പ്രധാനം പൊതുമേഖലയിലെ സ്വകാര്യ പങ്കാളിത്തമാണ്. നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ KSRTC യും KSEB യും ജല അതോറിറ്റിയുമാണ് മുന്നിലുള്ളത്. പൊതുജന സേവനമായി പരിഗണിക്കപ്പെടുന്ന ഈ പൊതുമേഖലാ സ്ഥാപനങ്ങളിൽ അത്ര വേഗത്തിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാകില്ല. ജല അതോറിറ്റിയെ അവശ്യസർവീസിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സ്വകാര്യ നിക്ഷേപം പ്രായോഗികമല്ല എന്നാണ് സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ KSRTC യിലും KSEB യിലും പുതിയ പരിഷ്കരണ പദ്ധതികൾ നടപ്പാക്കിയാൽ ഇതിലൂടെ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനാകും. അത്തരം സാധ്യതകൾ തേടുന്നതാകും ബജറ്റ്.
ആഗോള നിക്ഷേപ സംഗമവും ലോക കേരളസഭയും

വിദേശനിക്ഷേപ സാധ്യത മുന്നിൽകണ്ട് ആഗോള നിക്ഷേപക സംഗമം ഉടനടി വിളിച്ചു ചേർക്കാൻ ആലോചിക്കുകയാണ് സർക്കാർ. മുൻ സർക്കാരുകളുടെ കാലത്ത് ആഗോള നിക്ഷേപ സംഗമങ്ങൾ കൊട്ടിഘോഷിച്ച് നടപ്പാക്കിയിട്ടുള്ളതും പലതും വിജയിച്ചിട്ടുള്ളതുമാണ്. നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിൽ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. ആഗോള പ്രവാസി സംഗമത്തിനായി ലോക കേരളസഭ പുതിയ പരിഷ്കാരങ്ങൾ വരുത്തിയാകും യുഡിഎഫ് സർക്കാർ നടപ്പാക്കുക. ലോക കേരളസഭ നിയമമാക്കി മാറ്റിയതിനാൽ എല്ലാവർഷവും നടത്തണം. പിണറായി സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ലോക കേരളസഭ നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് എല്ലാ തവണയും നടത്തപ്പെടുന്നത്. ആർഭാടവും അമിത ചെലവും ചൂണ്ടിക്കാട്ടി എല്ലാവർഷവും യുഡിഎഫ് ലോക കേരള സഭ ബഹിഷ്കരിച്ചിരുന്നു. എന്നാൽ ഭരണം മാറിയപ്പോൾ ലോകകേരള സഭയെ മാറ്റിനിർത്താൻ യുഡിഎഫ് സർക്കാരിനാകില്ല. ലോക കേരള സഭയെ പ്രോത്സാഹിപ്പിക്കുകയും ആകർഷകമാക്കുകയും ചെയ്യുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും.
അതിവേഗ റെയിൽപാത പ്രതീക്ഷിക്കാമോ

വൻകിട പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെങ്കിലും അതിനായുള്ള ചുവടുവയ്പ് ബജറ്റിൽ കാണാനാകും. കേരളത്തിൽ ഒരു അതിവേഗ റെയിൽപാത ഉണ്ടാകുമോ എന്നതിൻ്റെ ഉത്തരം ആദ്യ ബജറ്റിൽ പ്രതീക്ഷിക്കാനാവില്ല. അധികാരത്തിലെത്തിയ ഉടൻ തന്നെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാർ പക്ഷേ മറ്റൊരു രീതിയിൽ അതിവേഗ റെയിൽ പാതയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇ. ശ്രീധരൻ്റെ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചത്. പക്ഷേ അതിവേഗത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകാനും അതിനുള്ള തുക കണ്ടെത്താനും നിലവിലെ സാഹചര്യത്തിൽ തടസ്സങ്ങൾ ഏറെയാണ്. അതുകൊണ്ടുതന്നെ ആദ്യ ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.

