മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദൻ കുറ്റവിമുക്തന്‍. കൊലപാതക കേസിലാണ് ഗീതാനന്ദനെ കുറ്റവിമുക്തനാക്കിയത്. 23 മുതല്‍ 57 വരെ പ്രതികള്‍ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ അയൂബ്ഖാൻ ആണ് വിധി പറഞ്ഞത്. 2003 ഫെബ്രുവരി 19-നാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. കുടിലുകള്‍ പൊളിച്ചുനീക്കാന്‍ എത്തിയ പൊലീസ് സംഘത്തില്‍ കണ്ണൂര്‍ കൊയ്യം സ്വദേശിയായ കോണ്‍സ്റ്റബിള്‍ വിനോദുമുണ്ടായിരുന്നു.
രാവിലെ 8-ന് തുടങ്ങിയ പൊലീസ് നടപടി പിന്നീട് വലിയ ഏറ്റുമുട്ടലായി മാറി. ഇതിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അതിശക്തമായ നടപടി വെടിവെപ്പിലും കലാശിച്ചു. ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ആ ഏറ്റുമുട്ടലിനൊടുവിൽ വിനോദിനെ സമരക്കാര്‍ കൊലപ്പെടുത്തി എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും സിബിഐയുടെയും കണ്ടെത്തല്‍.
എം ഗീതാനന്ദനായിരുന്നു കേസില്‍ ഒന്നാം പ്രതി. കേസില്‍ ആകെയുള്ള 53 പ്രതികളില്‍ 15 പേര് ഇതിനോടകം മരിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും വാര്‍ദ്ധക്യത്തിന്റെ അവശതകളിലാണ്

