നിപയ്ക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം; സ്ഥിരീകരിച്ചെന്ന് മന്ത്രിയുടെ ഓഫീസ്; സംശയം മാത്രമെന്ന് ഡിഎംഒ

insight kerala

തിരുവനന്തപുരം : പകർച്ചവ്യാധികളിൽ സർവ്വത്ര ആശയക്കുഴപ്പമാണ് സംസ്ഥാനത്ത്. ഇന്ന് വൈകിട്ടോടെയാണ് കോളറ സ്ഥിരീകരിച്ചതായി വാർത്ത വന്നത്. പാലക്കാട് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ആണ് ആദ്യം അറിയിച്ചത്. അതിന് പിന്നാലെ കോളറ സംശയം മാത്രമെന്ന് പാലക്കാട് ഡിഎംഒ വിശദീകരിച്ചു. ഡിഎംഒയുടെ വിശദീകരണം വന്നതിനു പിന്നാലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തിരുത്തൽ വന്നു. കോളറ സംശയം മാത്രമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

നേരത്തെ നിപ ഉണ്ടായപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫീസിലും കളക്ടറേറ്റും തമ്മിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. നിപ പരിശോധന ഫലത്തിൽ അഭിപ്രായ ഭിന്നതയുമായി മന്ത്രിയും കലക്ടറും രംഗത്ത് വന്നിരുന്നു. പൂണെയിൽ നിന്നുള്ള ഫലം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞതിന് പിന്നാലെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം ലഭിച്ചെന്ന് കോഴിക്കോട് കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചിരുന്നു. ഇതോടെ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിൽ ആശയവിനിമയം ഇല്ല എന്ന വിമർശനം ഉയർന്നു. ഇതിന് പിന്നാലെ ഇപ്പോൾ കോളറയിലും അതേ ആശയക്കുഴപ്പമുണ്ടാവുകയാണ്.

Share This Article