കെ വി നിരഞ്ജന്‍
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ച ജിത്തു മാധവന്‍ എന്ന സംവിധായകന്‍ തമിഴിലേക്ക് വണ്ടി കയറുമ്പോള്‍ പലരും വിചാരിച്ചു, തമിഴില്‍ ഇതൊന്നും വര്‍ക്കാവില്ലെന്ന്. എന്നാല്‍ വിമര്‍ശകര്‍ക്ക് ജിത്തു കൊടുത്ത മറുപടിയാണ് ‘സീന്‍’ എന്ന സിനിമ. സൂര്യ എന്ന നടന്റെ അഴിഞ്ഞാട്ടവും ജിത്തുവിന്റെ തകര്‍പ്പന്‍ ഡാര്‍ക്ക് ഹ്യൂമറും ചേരുമ്പോള്‍ തിയേറ്ററില്‍ ഉണ്ടാകുന്നത് ദീപാവലി വെടിക്കെട്ടാണ്. വെറും 3 ദിവസംകൊണ്ട് ചിത്രം നൂറുകോടി ക്ലബിലെത്തിയിരിക്കയാണ്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ ബാക്ക്-ടു-ബാക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ച് തമിഴ് സിനിമയിലെ ബോക്സ് ഓഫീസ് രാജാവായി സൂര്യ വീണ്ടും മാറിയിരിക്കുകയാണ്.
2026 മേയില്‍ ആര്‍. ജെ. ബാലാജി സംവിധാനം ചെയ്ത് ‘കറുപ്പ്’ലോകമെമ്പാടുമായി 315 കോടിയിലധികം രൂപ ഗ്രോസ് കളക്ഷന്‍ നേടി വന്‍വിജയമായി മാറി. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 100 കോടിനേടി. പിന്നീട് വന്ന വിശ്വനാഥ് & സണ്‍സ് സിനിമക്ക് അത്ര നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാമ്പത്തികമായി വിജയമായി. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവായിരുന്നു നായിക.റിലീസ് ചെയ്ത് വെറും 4 ദിവസങ്ങള്‍ കൊണ്ട് തന്നെ 120 കോടിയും, പിന്നീട് വെറും 25 ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ 240-260 കോടി രൂപയും ചിത്രം സ്വന്തമാക്കി.

ഇപ്പോഴിതാ മലയാളിയായ ജിത്തു മാധവന്റെ സൂര്യ ചിത്രവും വമ്പന്‍ വിജയമായി മാറിയതോടെ, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ നല്‍കുന്ന ചരിത്രത്തിലെ ആദ്യത്തെ തമിഴ് നടന്‍ എന്ന റെക്കോര്‍ഡിലേക്കാണ് സൂര്യ എത്തിനില്‍ക്കുന്നത്. വിജയുടെ സൂപ്പര്‍താര സിംഹാസനത്തിലേക്ക് നടന്നടുക്കുന്നത് അജിത്തല്ല, സൂര്യയാണ്!
ഡാര്‍ക്ക് ക്രൈം കോമഡി ത്രില്ലര്‍
‘ആവേശത്തില്‍’ ചെയ്തതുപോലുള്ള ഡാര്‍ക്ക് ക്രൈം കോമഡിയാണ് തമിഴിലെത്തിയപ്പോഴും ജിത്തു മാധവന്റെ തുറുപ്പുചീട്ട്. ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടറായ ഇന്‍ബരാജ് (സൂര്യ) എന്ന ബുദ്ധിമാനായ, അല്‍പ്പം വട്ടുണ്ട് എന്ന് തുടക്കത്തില്‍ പ്രേക്ഷകന് തോന്നിപ്പോവുന്നു പോലീസ് ഓഫീസറെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ദുരന്തം അയാള്‍ക്ക് നേരിടേണ്ടിവരുന്നു. ജോലി രാജിവെക്കാന്‍ ഒരുങ്ങുന്ന സമയത്താണ്, താന്‍ മുന്‍പ് ജയിലിലടച്ച ഒരു കൊടും സീരിയല്‍ കില്ലറുടെ അതേ കൊലപാതക രീതികള്‍ അനുകരിച്ച് ‘ഈശ്വരന്‍’ (നസ്‌ലന്‍) എന്ന പുതിയൊരു കില്ലര്‍ രംഗപ്രവേശം ചെയ്യുന്നു. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, തന്റെ വീട്ടുജോലിക്കാരിയായ മായയുടെയും (നസ്രിയ) ചില വിചിത്ര സ്വഭാവക്കാരായ ആളുകളുടെയും സഹായത്തോടെ ഇന്‍ബരാജ് ഈ കേസ് എങ്ങനെ അന്വേഷിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
അടുത്ത കാലത്ത് സൂര്യ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തവും രസകരവുമായ കഥാപാത്രമാണ് ഇന്‍ബരാജ്. പതിവ് മാസ്സ് ഡയലോഗുകളോ അട്ടഹാസങ്ങളോ ഇല്ലാതെ, കണ്ണിറുക്കിയും കോമഡി ടൈമിംഗിലൂടെയും അദ്ദേഹം സ്‌ക്രീന്‍ കൈയടക്കി വെച്ചിരിക്കുന്നു. കാഴ്ചപരിമിതിയുള്ള ഒരാളായി അദ്ദേഹം നടത്തുന്ന പ്രകടനം കൈയടി അര്‍ഹിക്കുന്നു. സൂര്യയെ നമ്മള്‍ സിങ്കത്തിലും വിക്രത്തിലും ഒക്കെ കണ്ട് മാസ്സ് ഡയലോഗും അടിപടിയും കണ്ട് ശീലിച്ചവരാണ്. എന്നാല്‍ ഇതില്‍ പുള്ളി കണ്ണിറുക്കിയും, കൗണ്ടറുകള്‍ അടിച്ചും, തികച്ചും റിലാക്‌സ്ഡ് ആയുമാണ് സ്‌ക്രീനില്‍ വരുന്നത്. ഈ പ്രായത്തിലും പുള്ളിയുടെ ആ സ്‌ക്രീന്‍ പ്രസന്‍സും കോമഡി ടൈമിംഗും മാരകമാണ്. കാഴ്ച പരിമിതിയുള്ള ഒരാളുടെ ശരീരഭാഷ പുള്ളി ചെയ്തുവെച്ചിരിക്കുന്നത് അവാര്‍ഡ് പടങ്ങളിലെപ്പോലെ ബോറടിപ്പിക്കാതെ, പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ മൂഡിലാണ്.

അടുത്തത് നമ്മുടെ നസ്ലിന്‍ ആണ്. പ്രേമലുവില്‍ കണ്ട ആ പാവം ചെക്കനല്ല ഇത്. സൈക്കോ വില്ലനായി വന്ന് നസ്ലിന്‍ അങ്ങ് തകര്‍ത്തു. ചില സീനുകളിലൊക്കെ പുള്ളിയുടെ ആ നോട്ടം കണ്ടാല്‍ പേടി വരും. കൂടെ നസ്രിയയുടെ വന്‍ തിരിച്ചുവരവും ആനന്ദരാജ്, ലാല്‍ എന്നിവരുടെ ചിരിപ്പൂരവും കൂടിയാകുമ്പോള്‍ കാസ്റ്റിംഗ് 100% പെര്‍ഫെക്റ്റ്. ‘ആവേശം’ സിനിമയിലെപ്പോലെ തികച്ചും അണ്‍സീരിയസായ അന്തരീക്ഷത്തില്‍ ഒരു സീരിയസ് കൊലപാതക കഥ എങ്ങനെ പറയാമെന്ന് ജിത്തു വീണ്ടും തെളിയിച്ചു. ക്രൈം ഇന്‍വെസ്റ്റിഗേഷനൊപ്പം ഡാര്‍ക്ക് ഹ്യൂമറും ചേര്‍ത്തുള്ള മേക്കിംഗ് ശൈലി ഗംഭീരമാണ്. അലക്‌സ, സിരി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളെ കഥാഗതിയുമായി ബന്ധിപ്പിച്ച രീതി പുതുമയുള്ളതായിരുന്നു.
്‌സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ അന്തരീക്ഷത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. വിനീത് അഗസ്റ്റിന്റെ സ്‌റ്റൈലിഷ് ഛായാഗ്രഹണവും അജ്മല്‍ സാബുവിന്റെ ഷാര്‍പ്പ് എഡിറ്റിംഗും സിനിമയുടെ വേഗത ഒട്ടും കുറയ്ക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ശരിക്കും ഒരു ദീപാവലി വെടിക്കെട്ടുതന്നെയാണ് ഈ ചിത്രം.

