ആണവനിലയങ്ങള്‍ക്കരികിലുള്ള ജനങ്ങള്‍ക്ക് പൊട്ടാസ്യം അയോഡിന്‍ ഗുളിക നല്‍കുന്നു; ചരക്കുകപ്പലിന് നേരെ വെടിയുതിര്‍ത്ത് യുഎസ് ആര്‍മി; ട്രംപ് ന്യൂക്ലിയര്‍ കേന്ദ്രങ്ങളെ ലക്ഷ്യമിടുമോ? ഇറാനില്‍ വീണ്ടും യുദ്ധഭീതി

insight kerala

കെ വി നിരഞ്ജൻ

അമേരിക്കയുടെ സൈനികാക്രമണ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ആണവനിലയങ്ങള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങള്‍ക്ക് ഇറാന്‍ അയോഡിന്‍ ഗുളികകള്‍ വിതരണം ചെയ്തുതുടങ്ങി. ഇറാന്റെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും, ‘ദി ടൈംസ് ഓഫ് ലണ്ടനു’മാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഗുളികകള്‍ വിതരണം ചെയ്യുന്ന കാര്യം ഇറാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണയായി സൈനിക സംഘര്‍ഷങ്ങള്‍ കടുക്കുന്ന സമയങ്ങളില്‍ ആണവനിലയങ്ങള്‍ക്ക് ചുറ്റുമുള്ള 2 മുതല്‍ 3 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ജനങ്ങള്‍ക്കാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇറാന്‍ ഈ പ്രതിരോധ മരുന്ന് നല്‍കാറുള്ളത്. ദക്ഷിണ ഇറാാനിലെ ബുഷെഹര്‍ ആണവനിലയത്തിന് സമീപമുള്ള പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇത്തരത്തില്‍ ഗുളികകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും റേഡിയേഷന്‍ പുറത്തുപോവുകയും ചെയ്താല്‍, അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് അയോഡിന്‍ മനുഷ്യശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്യുന്നത് തടയാന്‍ ഈ പൊട്ടാസ്യം അയോഡിന്‍ ഗുളികകള്‍ക്ക് കഴിയും. തൈറോയ്ഡ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വേണ്ടിയുള്ള മുന്‍കരുതല്‍ നടപടിയാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണ സാധ്യതകള്‍ ആരായുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാന്‍ ഈ പ്രതിരോധ നടപടികളിലേക്ക് കടന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇറാനില്‍ വീണ്ടും ഭീതി

ഇറാനിലെ അതീവ സുരക്ഷയുള്ള പിക്കാക്‌സ് മൗണ്ടന്‍ ആണവകേന്ദ്രം ആക്രമിക്കുന്ന കാര്യവും അമേരിക്ക പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ സൈനികനടപടികള്‍ പുനരാരംഭിക്കണോ എന്നതായിരുന്നു പ്രധാന ചര്‍ച്ച. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് വൈറ്റ് ഹൗസില്‍ യോഗങ്ങള്‍ നടന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ ഒമ്പതിന് പശ്ചിമേഷ്യയില്‍ അമാവാസിയായതിനാല്‍ രാത്രിയില്‍ ചന്ദ്രപ്രകാശം കുറവായിരിക്കും. ഇത് സൈനികനീക്കങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആക്രമണത്തിന് തീയതി നിശ്ചയിച്ചതായി സ്ഥിരീകരണമില്ല.

ഇറാനെതിരെ വീണ്ടും യുദ്ധം തുടങ്ങണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്റെ ആണവപദ്ധതി പൂര്‍ണമായി അവസാനിപ്പിക്കാനും ഭാവിയില്‍ അത് വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കാനും കൂടുതല്‍ ആക്രമണം ആവശ്യമാണോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാധ്യമെങ്കില്‍ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചിലപ്പോള്‍ അതും ചെയ്യേണ്ടിവന്നേക്കാം. അധികം വൈകാതെ നിങ്ങള്‍ക്ക് അറിയാം” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

അമേരിക്കന്‍ സൈന്യത്തിന്റെ മധ്യപൂര്‍വേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്റ്കോം പുതിയ സൈനികനടപടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണം നടത്താന്‍ ഇതുവരെ ഔദ്യോഗിക ഉത്തരവ് നല്‍കിയിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അല്‍ സൈദി ട്രംപുമായി ഫോണില്‍ സംസാരിച്ചു. അയല്‍രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇറാഖിന്റെ ഭൂപ്രദേശം ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ഇറാന്റെ കരമാര്‍ഗമുള്ള ആയുധനീക്കവും തടയാന്‍ അമേരിക്ക ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ഗതാഗതം തടയുന്നതിനൊപ്പം കരമാര്‍ഗമുള്ള ആയുധനീക്കവും തടയാന്‍ അമേരിക്ക പുതിയ സൈനികസംഘത്തെ നിയോഗിച്ചു. ഇറാനിലേക്ക് കര അതിര്‍ത്തികളിലൂടെ ആയുധങ്ങളും മറ്റ് സാമഗ്രികളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. ‘ടാസ്‌ക് ഫോഴ്‌സ് അയണ്‍ ഗേറ്റ്’ എന്നാണ് പുതിയ സൈനികസംഘത്തിന്റെ പേര്. ഇറാന്റെ കരാതിര്‍ത്തികളിലൂടെയും കാസ്പിയന്‍ കടല്‍ വഴിയും ആയുധങ്ങളും മറ്റ് നിരോധിത വസ്തുക്കളും കടത്തുന്നത് തടയുമെന്ന് അമേരിക്കന്‍ സൈനിക കമാന്‍ഡായ സെന്റ്കോം അറിയിച്ചു.

അത്യാധുനിക ആയുധങ്ങള്‍, സൈനിക ആവശ്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍, ഉപരോധം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍, നിയമവിരുദ്ധ പണമിടപാടുകള്‍ എന്നിവ തടയുന്നതിനും പുതിയ സംഘം പ്രവര്‍ത്തിക്കും. അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ മള്‍റോയ് പറയുന്നത്, ഇറാനിലേക്ക് ആയുധങ്ങള്‍ എത്തുന്ന വഴികള്‍ കണ്ടെത്തി അവ തടയുകയാണ് പ്രധാന ലക്ഷ്യമെന്നാണ്. ഇറാന്‍ എങ്ങനെയാണ് എണ്ണയും മറ്റ് ഊര്‍ജസ്രോതസ്സുകളും കടത്തുന്നതെന്നും പരിശോധിക്കും. ട്രംപ് യുദ്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചാല്‍ ഇറാന്റെ സാമ്പത്തിക കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈനികശേഷി മാത്രമല്ല, യുദ്ധം തുടരാന്‍ ആവശ്യമായ പണവും മറ്റ് വിഭവങ്ങളും ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും മള്‍റോയ് വിലയിരുത്തി. അമേരിക്കന്‍ സൈന്യം ചരക്കുകപ്പലിന് നേരെ വെടിയുതിര്‍ത്തു ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള ഉപരോധത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയതായും അമേരിക്ക അറിയിച്ചു.

Share This Article