ഒളിമ്പിക് അസോസിയേഷനിൽ കടുത്ത മത്സരം; പി ടി ഉഷയും അഞ്ജു ബോബി ജോർജും മത്സരരംഗത്ത്

insight kerala

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ വനിതാ താരങ്ങൾക്കിടയിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങുന്നു. ഐഒഎ പ്രസിഡന്‍റ് സ്ഥാനത്ത് ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷയും മലയാളിയുമായ പി ടി ഉഷയ്ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. മറ്റൊരു മലയാളി താരമായ അഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാളും ഉൾപ്പെടെ ആറ് പ്രമുഖ വനിതാ താരങ്ങളാണ് മത്സരരംഗത്തുള്ളത്.

സ്പോർട്സ് പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെരിറ്റ് (SOM) തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചാൽ മാത്രമേ ഉഷയ്ക്ക് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. എന്നാൽ അഞ്ജു ബോബി ജോർജ് മത്സരരംഗത്ത് എത്തിയത് ഉഷയ്ക്ക് വെല്ലുവിളിയായേക്കും. വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന ആറു പേരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന നാല് പേരായിരിക്കും ഐഒഎ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. വോട്ടെടുപ്പും ഫലപ്രഖ്യാപനവും തിങ്കളാഴ്ച നടക്കും. മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ,ഡോല ബാനർജി, അനിത പോൾ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് വനിതകൾ.

ഡിസംബർ അഞ്ചിനാണ് ഐഒഎയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി നവംബർ ഒൻപതിനാണ് ‘എസ്ഒഎം’ വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആകെയുള്ള 80 അംഗ ‘എസ്ഒഎം’ പാനലിൽ നിന്നുള്ള വോട്ടർമാരാണ് എട്ട് പ്രതിനിധികളെ (നാല് പുരുഷന്മാരും നാല് വനിതകളും) ഐഒഎ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കുന്നത്.ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന എട്ട് പേരിൽ നിന്നും രണ്ട് പ്രതിനിധികൾ (ഒരു പുരുഷനും ഒരു വനിതയും) ഐഒഎയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് എത്തും. ഇവർക്ക് ഡിസംബറിൽ നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പിൽ ഐഒഎ അധ്യക്ഷ പദവി അടക്കമുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും അവകാശമുണ്ടായിരിക്കും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article