ബ്യൂറോ ചീഫ് പ്രസ് കാര്‍ഡുകള്‍ക്ക് 25,000; 999 രൂപയ്ക്ക് ഐഡി കാര്‍ഡും റിപ്പോര്‍ട്ടര്‍ പ്രൊഫൈല്‍ പേജും; പണം കൊടുത്താല്‍ നിങ്ങള്‍ക്കും പത്രക്കാരനാവാം; ന്യൂഡല്‍ഹിയലിലെ സിജെപി സമരത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ പുറത്ത്!

insight kerala

കെ വി നിരഞ്ജന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന സിജെപി പ്രതിഷേധങ്ങള്‍ക്കിടയില്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ഒരുപാട് പേര്‍ നുഴഞ്ഞുകയറിയായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയും ഡിജിറ്റല്‍ അന്വേഷണത്തിലൂടെയും പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയാണ്. 599 മുതല്‍ 999 രൂപവരെയുള്ള ചെറിയ തുകകള്‍ക്ക് ഓണ്‍ലൈനായി പ്രസ് ഐഡി കാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മാധ്യമസ്ഥാപനങ്ങളുടെ ലോഗോകള്‍, മൈക്രോഫോണ്‍ കിറ്റുകള്‍, വാഹന സ്റ്റിക്കറുകള്‍ എന്നിവ വില്‍ക്കുന്ന വലിയൊരു സംഘം സജീവമാണെന്ന് ഇന്ത്യാടുഡെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹിന്ദ് മീഡിയ നെറ്റ്വര്‍ക്ക്, നീഡ്24 ന്യൂസ്, ഏഷ്യന്‍ യൂണിയന്‍ പ്രസ്, ഇന്ത്യന്‍ പ്രസ് യൂണിയന്‍ തുടങ്ങിയ വിവിധ പേരുകളിലാണ് ഈ വ്യാജ ഐഡി കാര്‍ഡുകള്‍ വിറ്റിരുന്നത്. ഇതില്‍ സംസ്ഥാന ബ്യൂറോ ചീഫ് പദവിയുള്ള പ്രസ് കാര്‍ഡുകള്‍ക്ക് 25,000 വരെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങിയിരുന്നതായും കണ്ടെത്തി.
ഏകദേശം 5,000-ത്തോളം സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാരെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വലിയ ഓണ്‍ലൈന്‍ ശൃംഖലയാണ് ഇതിന് പിന്നിലുള്ളത്. പ്രതിഷേധ സമരങ്ങളെ റിപ്പോര്‍ട്ട് ചെയ്യാനെന്ന വ്യാജേന സ്വയം പ്രഖ്യാപിത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായി ചമഞ്ഞ് ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ഇന്ത്യാടുഡെ വ്യക്തമാക്കുന്നു.ഡല്‍ഹി പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഇത്തരം വ്യാജ പ്രസ് ഐഡികളുടെ വില്‍പ്പന വലിയ തോതില്‍ തകൃതിയായത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പണംകൊടുത്താല്‍ പത്രക്കാരന്‍

സമരത്തിനിടയില്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ‘ഇന്ത്യന്‍ പ്രസ് യൂണിയന്‍’ എന്ന ലോഗോ പതിച്ച മൈക്രോഫോണുമായി റിപ്പോര്‍ട്ട് ചെയ്യുന്ന ചിലരെ ഇന്ത്യ ടുഡേ സംഘം നിരീക്ഷിച്ചു. തുടര്‍ന്ന് ഈ സംഘടനയുടെ ഡിജിറ്റല്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാര്‍ത്തകള്‍ നല്‍കുന്നതിന് പകരം ഇവര്‍ വെബ്സൈറ്റിലൂടെ പ്രസ് കാര്‍ഡുകളും അനുബന്ധ ഉപകരണങ്ങളും വില്‍ക്കുകയാണെന്ന് കണ്ടെത്തിയത്.

ഇന്ത്യ ടുഡേ ഇത്തരത്തിലുള്ള ആറ് വെബ്സൈറ്റുകള്‍ വിശദമായി പരിശോധിച്ചു. അതില്‍ നാലെണ്ണം യാതൊരു മാനദണ്ഡവുമില്ലാതെ പണം മാത്രം വാങ്ങി പ്രസ് ഐഡികള്‍ പരസ്യമായി വില്‍ക്കുന്നവയായിരുന്നു. ഹിന്ദ് മീഡിയ നെറ്റ്‌വര്‍ക്കഷ് വെറും 599 രൂപയ്ക്ക് പ്രസ് ഐഡി, സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ പ്രൊഫൈല്‍ എന്നിവ നല്‍കുന്നുണ്ട്. കൂടാതെ 3,500 രൂപയ്ക്ക് മൈക്രോഫോണ്‍ കിറ്റും ഇവര്‍ വില്‍ക്കുന്നുണ്ട്.നീഡ്24 ന്യൂസ് 999 രൂപയ്ക്ക് ഐഡി കാര്‍ഡും വെബ്സൈറ്റില്‍ റിപ്പോര്‍ട്ടര്‍ പ്രൊഫൈല്‍ പേജും നല്‍കുന്നു.ഏഷ്യന്‍ യൂണിയന്‍ പ്രസ് 999 രൂപയ്ക്ക് പ്രസ് ഐഡി, അംഗത്വ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ വെബ്സൈറ്റില്‍ ആര്‍ട്ടിക്കിളുകള്‍ പബ്ലിഷ് ചെയ്യാനുള്ള സൗകര്യവും നല്‍കുന്നു. ഇന്ത്യന്‍ പ്രസ് യൂണിയന്‍ 1,799 രൂപയ്ക്ക് പ്രിന്റ് ചെയ്ത പ്രസ് കാര്‍ഡും വാഹനങ്ങളില്‍ ഒട്ടിക്കാനുള്ള ‘പ്രസ്’ സ്റ്റിക്കറും നല്‍കുന്നു.

ഈ വ്യാജ മാധ്യമ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ യഥാര്‍ത്ഥ മാധ്യമങ്ങളാണെന്ന് തോന്നിപ്പിക്കാന്‍ ഇവര്‍ എ.ഐ ജനറേറ്റഡ് വീഡിയോകളും പ്രസ് കോണ്‍ഫറന്‍സുകളുടെ ദൃശ്യങ്ങളും വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇത് കാണുന്ന സാധാരണക്കാര്‍ക്ക് ഇതൊരു വലിയ അന്താരാഷ്ട്ര മാധ്യമ ശൃംഖലയാണെന്ന വ്യാജമായ ധാരണ ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഈ സംഘടനകള്‍ രൂപീകരിക്കപ്പെട്ടത് വളരെ അടുത്ത കാലത്താണ്. എന്നാല്‍ ഇന്ത്യന്‍ പ്രസ് യൂണിയന്‍ (ഐപിയു) തങ്ങള്‍ 2016 മുതല്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് വെബ്സൈറ്റില്‍ വ്യാജമായി അവകാശപ്പെട്ടിരുന്നു. ഇതിനെ സാധൂകരിക്കുന്ന യാതൊരു മുന്‍കാല തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

യാതൊരുവിധ മാധ്യമ പരിചയമോ പശ്ചാത്തല പരിശോധനയോ ഇല്ലാതെ പണം നല്‍കി വാങ്ങുന്ന ഈ കാര്‍ഡുകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.സാധാരണക്കാര്‍ക്ക് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരെയും വ്യാജന്മാരെയും തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.പോലീസിന്റെ സുരക്ഷാ പരിശോധനകള്‍ വെട്ടിച്ച് അതീവ സുരക്ഷിത മേഖലകളില്‍ പ്രവേശിക്കാന്‍ ഇത്തരം വ്യാജ ഐഡികള്‍ ഉപയോഗിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയ വഴി വന്‍തോതില്‍ അച്ചടക്കമില്ലാത്തതും അല്ലാത്തതുമായ വ്യാജ വാര്‍ത്തകളും, പ്രകോപനപരമായ ഉള്ളടക്കങ്ങളും യാതൊരു ഉത്തരവാദിത്തവുമില്ലാതെ പ്രചരിപ്പിക്കാന്‍ ഇത് വഴിവെക്കുന്നുവെന്നും ഇന്ത്യാടുഡെ ചൂണ്ടിക്കാട്ടുന്നു.

Share This Article