കെ വി നിരഞ്ജന്‍
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തി. വയസ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ സബ് ജൂനിയര്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടുന്ന പ്രായത്തട്ടിപ്പിനെക്കുറിച്ച് നേരത്തെ പരാതിയുണ്ടായിരുന്നെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമാണ്. കോഴിക്കോട് എന്‍ ഐ ടി സിന്തറ്റിക്ക് ട്രാക്കില്‍ നടക്കുന്ന, സംസ്ഥാന
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ കോട്ടയം കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസിലെ ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പിടിക്കപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ നടത്തിയ എല്ലുപരിശോധനയില്‍ താരത്തിന് 15-നും 18-നും ഇടയില്‍ പ്രായമുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍നിന്ന് കേരളത്തിലെത്തിയ കുട്ടി 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാര്‍ കാര്‍ഡുകളുണ്ടെന്ന ആരോപണവുമായി കോതമംഗലം മാര്‍ ബേസില്‍, ഐഡിയല്‍ സ്‌കൂളുകളാണ് പരാതി നല്‍കിയത്. പരിശോധനയില്‍ ക്രമക്കേട് സ്ഥിരീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ മാര്‍ ബേസില്‍ സ്‌കൂള്‍ അധ്യാപിക ഷിബി മാത്യു പ്രതികരിച്ചു. മത്സരിച്ച മറ്റ് കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായ സര്‍ക്കാരിന് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍, 600 മീറ്റര്‍, ലോങ് ജംപ് ഇനങ്ങളിലും പ്രായത്തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ഇനങ്ങളില്‍ മത്സരിച്ച താരങ്ങളുടെയും പ്രായം പരിശോധിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കായികമേളയില്‍ ഒരേ വിഭാഗത്തില്‍ മത്സരിക്കുന്ന കുട്ടികള്‍ക്ക് തുല്യമായ അവസരം ഉറപ്പാക്കുന്നതിന് പ്രായപരിശോധന കര്‍ശനമാക്കണമെന്ന ആവശ്യവും സംഭവത്തോടെ ശക്തമായിരിക്കുകയാണ്.
തട്ടിപ്പ് തടയാന്‍ വിപുല സംവിധാനം വേണം
സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ വര്‍ഷങ്ങളായി ഉയരുന്ന വലിയൊരു വെല്ലുവിളിയാണ് പ്രായത്തട്ടിപ്പ്. മുന്‍കാലങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡിലെ തിരുത്തലുകളും മാത്രമായിരുന്നു പരിശോധിച്ചിരുന്നതെങ്കില്‍, നിലവില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഇത് തടയാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോണ്‍ ടെസ്റ്റാണ് ഇതില്‍ പ്രധാനം. സംശയമുള്ള കേസുകളില്‍ മാത്രം നടത്തുന്ന എല്ല് പരിശോധന, മെഡല്‍ നേടുന്ന എല്ലാ താരങ്ങള്‍ക്കും നിര്‍ബന്ധമാക്കണമെന്നാണ് ആവശ്യമുയരുന്നു. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കായികതാരങ്ങളെ റാന്‍ഡം ആയി തെരഞ്ഞെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ഒന്നിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍, കായികമേളയുടെ രജിസ്‌ട്രേഷന്‍ സമയത്ത് കുട്ടികളുടെ വിരലടയാളമോ ഐറിസ് സ്‌കാനോ ഉപയോഗിച്ച് ലൈവ് ബയോമെട്രിക് പരിശോധന നടത്തണമെന്നും ആവശ്യമുണ്ട്.

ഒരു കുട്ടി കായികരംഗത്തേക്ക് കടന്നുവരുന്ന പ്രൈമറി ക്ലാസുകള്‍ മുതല്‍ സബ്ജില്ലാ തലം വരെയുള്ള കായിക നേട്ടങ്ങളും പ്രായവും രേഖപ്പെടുത്തുന്ന ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ പ്രൊഫൈല്‍ (സ്‌പോര്‍ട്‌സ് പാസ്‌പോര്‍ട്ട്) തയ്യറാക്കുക. ഇതിലൂടെ പെട്ടെന്ന് പ്രായത്തില്‍ മാറ്റം വരുത്തി മേളകളില്‍ പങ്കെടുക്കുന്നത് തടയാം. പ്രായത്തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന സ്‌കൂളുകളുടെ പോയിന്റുകള്‍ റദ്ദാക്കുകയും, കായികമേളകളില്‍ നിന്ന് അത്തരം സ്‌കൂളുകളെ നിശ്ചിത വര്‍ഷത്തേക്ക് വിലക്കുകയും വേണം.
കുട്ടികളെ ഇതിന് പ്രേരിപ്പിക്കുന്ന കായികാധ്യാപകര്‍ക്കും ക്ലബ് പരിശീലകര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും അവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യണമെന്നും കായിക രംഗത്തെ വിദഗ്ധര്‍ പറയുന്നു.
കുട്ടികളുടെ യഥാര്‍ത്ഥ പ്രായത്തെക്കുറിച്ച് അറിവുള്ള മറ്റ് അധ്യാപകര്‍ക്കോ പൊതുജനങ്ങള്‍ക്കോ പേര് വെളിപ്പെടുത്താതെ പരാതി നല്‍കാന്‍ പ്രത്യേക പോര്‍ട്ടലോ ഹെല്‍പ്പ് ലൈനോ സ്ഥാപിക്കുക.ഒരേ കുട്ടി വിവിധ അസോസിയേഷന്‍ മേളകളിലും സ്‌കൂള്‍ മേളകളിലും പങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായവ്യത്യാസങ്ങള്‍ കണ്ടെത്താന്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഡാറ്റയുമായി സ്‌കൂള്‍ ഡാറ്റ ലിങ്ക് ചെയ്യുകയും വേണമെന്നും ആവശ്യമുണ്ട്. ഇവയെല്ലാം ഘട്ടംഘട്ടമായി നടപ്പാക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

