കൊച്ചി: കോതമംഗലത്ത് രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടപടി. ജീവനക്കാരിക്ക് സസ്പെൻഷൻ.ഡാറ്റ എൻട്രി താത്കാലിക ജീവനക്കാരി രേഖ ജോർജിനെ ആണ് സസ്പെൻഡ് ചെയ്തത്.
യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടയാൾക്ക് പണം തരാത്ത ചീട്ട് നൽകില്ലെന്ന് ആശുപത്രി കടുപിടുത്തം തുടർന്നതോടെ ഹൃദ്രോഗിക്ക് ചികിത്സ വൈകിയിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഓൺലൈൻ പേയ്മെൻ്റ് സ്വീകരിക്കില്ലെന്ന് ആശുപത്രി അറിയിച്ചു. പെരുമ്പാവൂർ സ്വദേശി കരീം എ.കെ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ചികിത്സ അത്യാവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ 45 മിനുട്ട് ചികിത്സ നൽകാതെ രോഗിയെ ആശുപത്രിയിൽ ഇരുത്തി. ഒടുവിൽ ഡോക്ടർ പരിശോധിച്ചപ്പോൾ രോഗിയുടെ നില മോശമായി. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയുടെ നില മെച്ചപ്പെട്ടു.
പത്ത് രൂപ നോട്ടായി നൽകാതെ ചീട്ട് നൽകില്ല എന്ന് ആശുപത്രി ജീവനക്കാരി വാശിപിടിക്കുകയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട രോഗി ജീവനക്കാരിയുടെ വാശി കാരണം പുലർച്ചെ ഒരു മണി മുതൽ മുക്കാൽ മണിക്കൂർ ആശുപത്രിയിൽ കാത്തുനിൽക്കേണ്ടി വന്നു. രോഗിക്ക് എതിരെ ജീവനക്കാരി പോലീസിൽ പരാതി അറിയിക്കുകയും ചെയ്തു. ജീവനക്കാരി രോഗിയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

