ബീഫ് കഴിച്ചതിലെ അധിക്ഷേപം; വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ 2 പേർ അറസ്റ്റിൽ

insight kerala

ചെന്നെ : കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠികളിൽ നിന്നും അധ്യാപകനിൽ നിന്നും ജാതിയുടെയും ഭക്ഷണ രീതിയുടെയും പേരിൽ നേരിട്ട അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കി എന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മരിച്ച വിദ്യാർത്ഥിയുടെ രണ്ട് സഹപാഠികളാണ് അറസ്റ്റിലായത്. ഇരുവരും പ്രബല ജാതിയിൽപ്പെട്ടവരാണ്. സ്‌കൂളിലെ ഹെഡ്മാസ്റ്ററിനേയും ക്ലാസ് ടീച്ചറിനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 16കാരനാണ് ജീവനൊടുക്കിയത്. വിദ്യാർത്ഥിയുടെ അമ്മ കൗസല്യാദേവി നൽകിയ പരാതിയിൽ പറയുന്നത്, ബീഫ് കഴിച്ചതിന് തന്‍റെ മകനടക്കം അഞ്ച് വിദ്യാർത്ഥികളെ വിജയകുമാർ എന്ന അധ്യാപകൻ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തിയിരുന്നു എന്നാണ്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അധ്യാപകനായ വിജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ, രണ്ട് വിദ്യാർത്ഥികൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം ആരോപണങ്ങൾ തള്ളി സ്കൂൾ അധികൃതർ രംഗത്തെത്തി.

ബുധനാഴ്ച രാവിലെ 8 മണിക്ക് സ്കൂളിൽ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ഭാരതി കോളനിയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന കൗസല്യാദേവി ഉച്ചയ്ക്ക് ഒരു മണിയോടെ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോൾ മുൻവാതിൽ പൂട്ടിയിട്ടില്ലെന്ന് കണ്ടു. അകത്തു കയറിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സ്കോളർഷിപ്പിനായി പേര് ശേഖരിക്കുന്നതിനിടെയാണ്, എത്രപേർ ബീഫ് കഴിക്കാറുണ്ടെന്ന് അധ്യാപകൻ വിജയകുമാർ ചോദിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. തുടർന്ന് അഞ്ചു പേർ എഴുന്നേറ്റുനിന്നു. അന്നു മുതൽ രണ്ട് സഹപാഠികൾ ജാതിയുടെ പേരിൽ കുട്ടിയുടെ പരിഹസിക്കുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് അമ്മ കൗസല്യാദേവി പറഞ്ഞു. ഈ ഉപദ്രവത്തെക്കുറിച്ച് ആധ്യാപകനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം നടപടിയൊന്നും എടുത്തില്ല. പ്രിൻസിപ്പൽ അരുൺകുമാറിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ ആരോപിച്ചു. മകനെ വീണ്ടും ഒറ്റപ്പെടുത്തുമെന്ന് ഭയന്നാണ് സകൂളിൽ നേരിൽച്ചെന്ന് ഇക്കാര്യം ചോദിക്കാതിരുന്നതെന്നും അമ്മ പറഞ്ഞു.

Share This Article