പ്രതികളുടെ ഓണാഘോഷം: മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി

insight kerala

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പൊലീസുകാർക്കെതിരേ നടപടി. ഏഴ് പൊലീസുകാരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതികൾ സ്റ്റേഷനിൽ ഓണം ആ​ഘോഷിച്ച സംഭവത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. പ്രതികളുടെ ഓണാഘോഷവും ഇതിന്റെ റീൽസ് ചിത്രീകരണവും വിവാ​ദമായതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രശാന്തിനെ നേരത്തേ തന്നെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇദ്ദേഹം കഴിഞ്ഞദിവസം സ്റ്റേഷൻ ചുമതല വിട്ടു.

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഐപി ബിനു, ഉണ്ണി തുടങ്ങിയവരാണ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തത്. ജാമ്യവ്യവസ്ഥകളുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു പ്രതികളും സ്റ്റേഷനിലെ ഓണാഘോഷത്തിന്റെ ഭാ​ഗമായത്. ഒപ്പിട്ടശേഷം പ്രതികളോട് മടങ്ങാൻ പൊലീസ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും എന്നാൽ അതുചെയ്യാതെ ഓണാഘോഷത്തിന് അനുമതി നൽകിയെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാരും പ്രതികളും തമ്മിൽ ധാരണയുണ്ടായിരുന്നോ പൊലീസുകാർ ഇതിന് ഒത്താശചെയ്തോ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഡിസിപിയും തുടരന്വേഷണം നടത്തും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article