മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന കെഎസ്യു പ്രവർത്തകർ ആക്രമിച്ച കേസ്,
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു.
വീണാ ജോർജിന്റെ അടുത്തെത്താൻ കെഎസ്യു പ്രവർത്തകർക്ക് കഴിഞ്ഞില്ലെന്നും ആക്രമിച്ചിട്ടില്ലെന്നും റിപ്പോർട്ട്.
മുൻമന്ത്രിയും ഗൺമാനും പ്രശ്നം പെരുപ്പിച്ച് കാണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഫെബ്രുവരി 25ന് കണ്ണൂരിൽ,കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോർജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. പക്ഷേ,തെളിവ് കണ്ടെത്താൻ ആദ്യം കേസ് അന്വേഷിച്ച കണ്ണൂർ റെയിൽവേ പൊലീസിന് കഴിഞ്ഞിരുന്നില്ല.
യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ തുടരന്വേഷണം എസ്ഐടിയെ ഏൽപ്പിച്ചു.
കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ് യു പ്രേമൻറെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് തുടരന്വേഷണം നടത്തിയത്. പ്രതിഷേധത്തിനിടെ
പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്പ്പെട്ടതിനാലാണ് വീണാജോര്‍ജിന് കഴുത്തുവേദന ഉണ്ടായത്. മന്ത്രിക്ക് പുറമെ പരുക്കില്ലെന്നാണ് ഡോക്ടര്‍മാരുടെയും മൊഴി.നേരത്തെ കേസില്‍ എസ്ഐ ദീപ്തി മൊഴിമാറ്റിയിരുന്നു. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് എസ്ഐ ദീപ്തി അന്വേഷണ സംഘത്തോട് പറഞ്ഞത്. തന്റെ പേരില്‍ കള്ളമൊഴി എഴുതിച്ചേര്‍ത്തുവെന്നും ദീപ്തി എസ്ഐടിക്ക് മൊഴി നല്കി. എസ്ഐ ദീപ്തിക്കായിരുന്നു അന്ന് മന്ത്രിയുടെ സുരക്ഷാച്ചുമതല.
നേരത്തെ വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴിയും പുറത്തുവന്നിരുന്നു. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് താന്‍ മൊഴി നല്‍കിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്നാണ് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യാജ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്കും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

