ആലപ്പുഴ : ചേർത്തല അനന്തു വധക്കേസിൽ ഒന്നാംപ്രതിക്കും പത്താം പ്രതിക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി III ജഡ്ജി എം.ഷുഹൈബാണ് ശിക്ഷ വിധിച്ചത്. 2017 ഏപ്രിൽ 5-ന് രാത്രി 10.15-ഓടെയാണ് കേസിനാസ്പദമായ സംഭവം. വയലാർ പഞ്ചായത്ത് പട്ടണക്കാട് ഹൈസ്കൂളിന് പടിഞ്ഞാറുവശം കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു (17) വിനെ മുൻവൈരാഗ്യത്തിന്റെ പേരിൽ 17 അംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് സുഹൃത്തിനൊപ്പം പോയ അനന്തുവിനെ വയലാർ നീലിമംഗലം ഷാപ്പിന് എതിർവശത്തുള്ള മൈതാനത്ത് വെച്ച് പ്രതികൾ വളഞ്ഞിട്ട് ആ ക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സുഹൃത്ത് ബൈക്കിൽ ചേർത്തല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ സബ് ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രനാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഏഴ് പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ അവരുടെ വിചാരണ ചേർത്തലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് (JJB) പ്രത്യേക കോടതിയിലാണ് നടക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളായ വയലാർ പഞ്ചായത്ത് 13-ാം വാർഡിലെ തൈവിട്ടിൽ വീട്ടിൽ ശ്രീക്കുട്ടൻ (32), ആറാം വാർഡിലെ പാറേഴത്ത് വീട്ടിൽ അതുൽ (28) എന്നിവരെ സെൻട്രൽ ജയിലിലേക്ക് അയക്കുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

