സതീശന് മുന്നിൽ വെള്ളാപ്പള്ളി മുട്ടുമടക്കുന്നു?

insight kerala

Special Report

വി ഡി സതീശൻ എന്ന നേതാവിനെ രാഷ്ട്രീയമായി ഇത്രയേറെ അധിക്ഷേപിച്ച മറ്റൊരാൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുടെ ആവശ്യമില്ല. വെള്ളാപ്പള്ളി നടേശൻ തന്റെ പൊതുജീവിതത്തിൽ സമീപകാലത്ത് ഇത്രയേറെ വിമർശിക്കുകയും പിന്തുടർന്ന് ആക്രമിക്കുകയും ചെയ്ത നേതാവ് വി ഡി സതീശൻ അല്ലാതെ മറ്റൊരാൾ ഉണ്ടാവുകയില്ല. ‘രാഷ്ട്രീയ വനവാസം’ എന്ന പ്രസ്താവന പോലും വി ഡി സതീശൻ നടത്തിയത് വെള്ളാപ്പള്ളിക്കുള്ള മറുപടിയായിരുന്നു. ഒരർത്ഥത്തിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നട്ടെല്ലുള്ള നേതാവ് എന്ന പരിവേഷം വി സി സതീശന് ലഭിക്കാൻ പോലും കാരണം വെള്ളാപ്പള്ളിയുടെ നിരന്തര പരിഹാസം തന്നെയായിരുന്നു.

2021ൽ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമ്പോൾ സാമുദായിക നേതാക്കളുടെ “തിണ്ണ ഞെരങ്ങില്ല” എന്ന പരാമർശം തൻ്റേടത്തോടെ പറഞ്ഞതാണ് സതീശന് മേൽ പെരുന്നയിലേയും കണിച്ചിക്കുളങ്ങരയിലേയും ‘ദൈവ’ കോപത്തിനിടയായത്. നിർണ്ണായക വേളകളിൽ മാത്രം സുകുമാരൻ നായർ കോപം പുറത്തെടുത്തിരുന്നു എങ്കിൽ വെള്ളാപ്പള്ളി അങ്ങനെയായിരുന്നില്ല. ഇക്കാലമത്രയും പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ നടത്തി കടന്നാക്രമിക്കുകയായിരുന്നു. കേരളത്തിൽ മൂന്നാം തുടർഭരണം ഉണ്ടാകുമെന്നും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഫലപ്രഖ്യാപനത്തിന്റെ തൊട്ടുതലേന്നു വരെ ആവർത്തിച്ചു പ്രവചിച്ചു കൊണ്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കെ സിയും ചെന്നിത്തലയും പ്രിയപ്പെട്ടവർ

ഫലം വന്ന് 102 സീറ്റിൻ്റെ പൊൻതിളക്കത്തിൽ യുഡിഎഫ് നിന്നപ്പോഴും മുന്നിൽ നിന്ന് നയിച്ച പ്രതിപക്ഷ നേതാവിനെ പിന്തുണക്കാൻ വെള്ളാപ്പള്ളി തയ്യാറായിരുന്നില്ല. അപ്പോഴും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമായിരുന്നു വെള്ളാപ്പള്ളിയുടെ ഭാഷയിൽ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യരായ നേതാക്കൾ. ഒടുവിൽ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് നാളിതുവരെയും വെള്ളാപ്പള്ളി കാര്യമായിട്ടൊന്നും ‘വായ് തുറക്കാൻ’ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രി വി ഡി സതീശൻ ആകട്ടെ പെരുന്നയിലോ കണിച്ചുക്കുളങ്ങരയിലോ ഇതുവരെ പോയതുമില്ല. എന്നാൽ മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായി. തൻ്റെ ആദ്യകാല സുഹൃത്തിനെ നേരിട്ട് കാണാൻ എത്തിയതെന്ന പ്രതികരണമാണ് തുഷാർ നടത്തിയതെങ്കിലും ആ വരവിന് പിന്നിൽ പലതുമുണ്ട്.

പുതിയ തന്ത്രം പുറത്തെടുക്കും

മകൻ BDJS രൂപീകരിച്ച് എൻഡിഎയുടെ ഘടക കക്ഷിയായി കേന്ദ്രസർക്കാരിനൊപ്പം നിൽക്കുമ്പോൾ, സംസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ പിണറായി വിജയനെയും ഇടത് സർക്കാരിനെയും ആലിംഗനം ചെയ്ത് നിൽക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ചേർത്തുനിർത്തുന്ന തന്ത്രമാണ് ഇതിലൂടെ വെള്ളാപ്പള്ളി പുറത്തെടുക്കുന്നതെന്ന ആക്ഷേപം എല്ലാ കാലവും കേട്ടിരുന്നു. സംസ്ഥാനത്ത് ഭരണം മാറിയതോടെ പല കേസുകളും പൊടിതട്ടിയെടുക്കുകയാണ് യുഡിഎഫ് . പലതിലും ഇതിനോടകം പുനരന്വേഷണവും പ്രഖ്യാപിച്ചു കഴിഞ്ഞു. മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള കേസുകൾ വെള്ളാപ്പള്ളിയെ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായ വി ഡി സതീശനെ പിണക്കുക എന്നത് വെള്ളാപ്പള്ളിക്ക് ചിന്തിക്കാൻ കഴിയില്ല. പുതിയ തന്ത്രങ്ങൾ പുറത്തെടുത്തേ മതിയാകൂ. സർക്കാരിനെ പിന്തുണച്ചും സതീശനെ പ്രശംസിച്ചും രംഗത്ത് വരുമെന്ന കാര്യത്തിൽ സംശയമില്ല. അതുതന്നെയാകും സതീശനും കാത്തിരിക്കുന്നത്. പെരുന്നയിലേക്ക് പോയാലും കണിച്ചിക്കുളങ്ങരയിലേക്ക് മുഖ്യമന്ത്രിയുടെ ഒരു യാത്ര ഉടൻ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

Share This Article