ആ സമയത്ത് സ്ഥലത്തില്ലെന്ന പ്രധാന തെളിവുപോലും പരിഗണിച്ചില്ല; വിചാരണ നടന്നത് വെറും 3 മണിക്കുര്‍; പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ ക്രെയിനുകള്‍ ഉപയോഗിച്ച് തൂക്കിലേറ്റി; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ഒന്നൊന്നായി കഴുവേറ്റി ഇറാന്‍

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

എം റിജു

2026 ജനുവരിയില്‍ നടന്ന ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുവവെന്ന് ആരോപിച്ച് ഇറാനില്‍ യുവാക്കള്‍ക്ക് വീണ്ടും തൂക്കുകയര്‍. അബോല്‍ഫസല്‍ സെപാഹി ബദ്ജാനി എന്ന 23 വയസുകാരനെയും, അമീര്‍ ഹുസൈന്‍ സഫാരി ഹുസൈനാബാദി എന്ന 28-കാരനെയുമാണ് അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ തൃണവത്ക്കരിച്ചുകൊണ്ട്, ഷിയാ ഭരണകുടം തൂക്കിലേറ്റിയത്. 2026 ജൂലൈ 28 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നഗരത്തില്‍ വെച്ച് പരസ്യമായി വധശിക്ഷ നടപ്പാക്കിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2026 ജനുവരി 8-ന് ഇസ്ഫഹാനിലെ അലിഖാനി സ്‌ക്വയറില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ 4 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.മറ്റ് പോലീസ് സ്റ്റേഷന് തീയിടുക, പൊതുമുതല്‍ നശിപ്പിക്കുക, മാരകായുധങ്ങള്‍ കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങളും ഇറാന്റെ നീതിന്യായ മന്ത്രാലയം ചുമത്തിയിരുന്നു. ‘അലിഖാനി സ്‌ക്വയര്‍ കേസ്’ എന്ന് വിളിക്കപ്പെടുന്ന ഈ കേസില്‍ ആകെ 12 പേര്‍ക്കാണ് ഇറാന്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുപേരെ ഈ മാസമാദ്യം തന്നെ വധിച്ചിരുന്നു. അബോല്‍ഫസല്‍ ഉള്‍പ്പെടെയുള്ള പുതിയ രണ്ട് വധശിക്ഷകളോടെ ഈ കേസില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ബാക്കി 8 പേര്‍ ഇപ്പോഴും വധശിക്ഷാ ഭീഷണിയിലാണ്.

കൊല വലിയ പ്രതിഷേധത്തിനിടെ

ഇസ്ഫഹാനിലെ മലിക്ഷാ സ്‌ക്വയറില്‍ പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഇവരെ തൂക്കിലേറ്റിയത്. ജനുവരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനില്‍ നടക്കുന്ന ആദ്യത്തെ പരസ്യ വധശിക്ഷകളാണിത്.വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും സുരക്ഷാ സേനയ്ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.കൃത്യമായ വിചാരണയോ പ്രതിഭാഗം വക്കീലിനെ വെക്കാനുള്ള അവകാശമോ നല്‍കാതെയാണ് ഇറാന്‍ ഈ വധശിക്ഷകള്‍ നടപ്പാക്കിയതെന്ന് യു.എന്‍ വിദഗ്ധരും അമ്‌നസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിച്ചിട്ടുണ്ട്.

അബോല്‍ഫസല്‍ സെപാഹി ബദ്ജാനി തനിക്കെതിരെയുള്ള കുറ്റങ്ങള്‍ പൂര്‍ണ്ണമായി നിഷേധിച്ചിരുന്നു. ഭരണകൂടം ഇയാളെ വ്യാജമായി പ്രതിചേര്‍ത്തതാണെന്നാണ് കുടുംബാംഗങ്ങളും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നത്. കൊലപാതകം നടന്നുവെന്ന് പറയുന്ന സമയത്ത് അബോല്‍ഫസലും കേസില്‍ പ്രതിയായ അദ്ദേഹത്തിന്റെ കസിനും ഇസ്ഫഹാനിലെ അലിഖാനി സ്‌ക്വയറില്‍ ഉണ്ടായിരുന്നില്ല. തങ്ങള്‍ അവിടെ ഇല്ലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കുടുംബം കോടതിയില്‍ ഹാജരാക്കിയിരുന്നു.പ്രതിഭാഗം സമര്‍പ്പിച്ച ഈ ശക്തമായ തെളിവുകളൊന്നും പരിശോധിക്കാന്‍ പോലും തയ്യാറാകാതെയാണ് ജഡ്ജി വധശിക്ഷ വിധിച്ചത്.

ഈ കേസില്‍ അറസ്റ്റിലായ മറ്റ് യുവാക്കളെ ക്രൂരമായ കസ്റ്റഡി പീഡനത്തിന് ഇരയാക്കിയിരുന്നു. അബോല്‍ഫസലിന്റെ പേര് പറയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളെ നിര്‍ബന്ധിച്ചതായി ഇവര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.കേസിന്റെ പൂര്‍ണ്ണമായ ഫയലുകള്‍ പരിശോധിക്കാന്‍ അബോല്‍ഫസലിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഇറാന്‍ നീതിന്യായ മന്ത്രാലയം അനുവാദം നല്‍കിയിരുന്നില്ല.കേസിന്റെ വിചാരണ വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നത് (ഒരു മണിക്കൂര്‍ വീതമുള്ള 3 സെഷനുകള്‍). ഇത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തിയതെന്നും, അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു നീതി ന്യായ വ്യവസ്ഥയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും യു.എന്‍ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

കുട്ടികള്‍ക്കുവരെ തൂക്കുകയര്‍

ഇറാനില്‍ ഈ വര്‍ഷം (2026) ഇതുവരെ കുറഞ്ഞത് 851-ലധികം വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉണ്ടായ സുരക്ഷാ സാഹചര്യങ്ങള്‍ക്കും, തുടര്‍ന്നുണ്ടായ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കും ശേഷം ഭരണകൂടം വധശിക്ഷകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതായി അബ്ദുറഹ്‌മാന്‍ ബൊറൂമന്ദ് സെന്റര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, കുട്ടികള്‍ക്ക് വധശിക്ഷ നല്‍കുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനമാണിത്. ഇറാന്റെ ഇസ്ലാമിക നിയമപ്രകാരം ക്രിമിനല്‍ ഉത്തരവാദിത്തത്തിനുള്ള പ്രായം പെണ്‍കുട്ടികള്‍ക്ക് 9 വയസും, ആണ്‍കുട്ടികള്‍ക്ക് 15 വയസുമാണ്. ഇത് അന്താരാഷ്ട്ര ശിശു അവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. കുറ്റം ചെയ്യുമ്പോള്‍ 18 വയസിന് താഴെയുള്ള കുട്ടികളെ ഇറാന്‍ കോടതികള്‍ വധശിക്ഷയ്ക്ക് വിധിക്കാറുണ്ട്. എന്നാല്‍ ആഗോള വിമര്‍ശനം ഒഴിവാക്കാന്‍, ഇവരെ ജയിലില്‍ അടയ്ക്കുകയും 18 വയസ് തികയുന്ന ദിവസം തൂക്കിലേറ്റുകയും ചെയ്യുന്നു!

അമ്‌നസ്റ്റി ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജനുവരിയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് 17 വയസുകാരടക്കം നിരവധി കുട്ടികള്‍ നിലവില്‍ ഇറാനില്‍ വധശിക്ഷാ ഭീഷണിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ (2024ല്‍ 975 വധശിക്ഷകള്‍, 2025-ല്‍ 1500-ലധികം) ഉണ്ടായതിനേക്കാള്‍ വേഗത്തിലാണ് 2026-ല്‍ ഇറാന്‍ വധശിക്ഷകള്‍ നടപ്പാക്കുന്നത്. ജനുവരിയിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് മാത്രം ഇതുവരെ 26 പ്രക്ഷോഭകരെ ഇറാന്‍ പരസ്യമായും രഹസ്യമായും വധിച്ചുകഴിഞ്ഞു. വധിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരും ഭരണകൂട വിരുദ്ധ രാഷ്ട്രീയ തടവുകാരുമാണ്.

Share This Article