തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സർക്കാർതലത്തിൽ എടുക്കുന്ന പല തീരുമാനങ്ങളും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ പാലിക്കുന്നില്ല എന്ന വിമർശനം ശക്തമാകുന്നു. സർക്കാർ മാറി യുഡിഎഫ് അധികാരത്തിൽ വന്ന കാര്യം ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലേ എന്ന പരിഹാസവും പല കോണുകളിൽ നിന്ന് ഉയരുകയാണ്. ഗതാഗത കമ്മീഷണർ സ്വീകരിക്കുന്ന പല നിലപാടുകളിലും ഗതാഗത മന്ത്രി സി പി ജോണിന് കടുത്ത അതൃപ്തിയാണ്. ഗതാഗത വകുപ്പിലെ പല അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കമ്മീഷണർ സി എച്ച് നാഗരാജു സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയർന്നു വരുന്നുണ്ട്.
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വാഹനത്തിന് അടൂരിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയ സംഭവം വലിയ രീതിയിൽ വകുപ്പിന് നാണക്കേട് ഉണ്ടാക്കിയിരുന്നു. മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വലിയ രീതിയിലുള്ള ആക്ഷേപം ഉയർന്നിരുന്നു. ആ സംഭവത്തിൽ ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉദ്യോഗസ്ഥരെ പൂർണമായും വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചത്. തെറ്റുകാരായ ഉദ്യോഗസ്ഥരെ എന്തിനു സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് മന്ത്രി ഉന്നയിക്കുന്നത്. മന്ത്രി പറയുന്നത് മേൽത്തട്ടിൽ ഉദ്യോഗസ്ഥർ കേൾക്കാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നത്.
അധികം വൈകാതെ ഗതാഗതമന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. വകുപ്പിൽ സമഗ്രമായ അഴിച്ചുപണി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

