ഹൂതികള്‍ക്കെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും കൈകോര്‍ക്കുന്നു; യുഎസ് നയതന്ത്ര വൃത്തങ്ങള്‍ വഴി അറബ് രാജ്യങ്ങള്‍ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്ത നെതന്യാഹു; യമനില്‍ കളിമാറുന്നു

insight kerala

കെ വി നിരഞ്ജന്‍

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി ഭീകരര്‍ക്കെതിരെ പോരാടാന്‍ ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദേബ് കടലിടുക്ക്, ചെങ്കടല്‍ മേഖലകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നീക്കങ്ങളില്‍ ഇസ്രയേലിനുള്ള കടുത്ത ആശങ്കയെ തുടര്‍ന്നാണ് ഈ നീക്കം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് നയതന്ത്ര വൃത്തങ്ങള്‍ വഴി അറബ് രാജ്യങ്ങള്‍ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്തതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍ പാതയായ ബാബ് അല്‍-മന്ദേബ് കടലിടുക്കിലെ പെരിം ദ്വീപിലേക്ക് ഹൂതികള്‍ മുന്നേറുന്നത് ഇസ്രയേലിന്റെ സാമ്പത്തിക-വ്യാപാര മേഖലയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. യെമനിലെ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൗദി അറേബ്യയോട് ഹൂതികള്‍ക്കെതിരെ സംയുക്തമായി പോരാടാന്‍ ഇസ്രയേല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും, സൗദി ഭരണകൂടം ഈ വാഗ്ദാനത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചെങ്കടല്‍ വഴി ഇസ്രയേലിലേക്ക് ആക്രമണമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇസ്രയേലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഈലാറ്റ് നഗരത്തിലും പരിസരങ്ങളിലും ഇസ്രയേല്‍ പ്രതിരോധ സേന വന്‍തോതിലുള്ള സൈനികാഭ്യാസം നടത്തിക്കഴിഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇന്ത്യക്കും ഭീഷണി

യമനിലെ ഹൂതി വിമതര്‍ ചെങ്കടലിന്റെ തെക്കേ കവാടമായ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചതും കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും ഇന്ത്യന്‍ കപ്പല്‍ ഗതാഗതത്തെയും സമ്പദ്വ്യവസ്ഥയെയും വളരെ ദോഷകരമായാണ് ബാധിക്കുന്നത്. ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ മൂന്നിലൊന്നും യൂറോപ്പുമായുള്ള ക്രൂഡ് ഓയില്‍, ഉല്‍പ്പന്ന വ്യാപാരവും ഈ പാതയിലൂടെയാണ് നടക്കുന്നത്.

ഇന്ത്യന്‍ ജീവനക്കാരുള്ളതും ഇന്ത്യന്‍ പതാകയുള്ളതുമായ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഈ മേഖലയില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. 2026 ഓഗസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയ ‘എം.എസ്.വി ഫൈസ് നൂറെ ഔലിയ’ എന്ന ചരക്കുകപ്പല്‍ ഹൂതികളുടെ ഡ്രോണ്‍/മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലില്‍ മുങ്ങിപ്പോയിരുന്നു. കപ്പലിലെ 13 ഇന്ത്യന്‍ നാവികരെയും അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ഇത് ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നു. ബാബ് അല്‍-മന്ദേബ് മേഖല ഇപ്പോള്‍ ‘യുദ്ധസാധ്യതാ മേഖലയാകയി മാറിയതിനാല്‍ കപ്പലുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വലിയ തോതില്‍ വര്‍ദ്ധിച്ചു. ചരക്ക് കടത്തുകൂലി പല മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ചിലവ് വന്‍തോതില്‍ കൂട്ടുകയും ആഗോള വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില കൂടാന്‍ കാരണമാകുകയും ചെയ്യുന്നു.

ഹൂതികളുടെ ആക്രമണം ഭയന്ന് പല ഇന്ത്യന്‍ ചരക്കുകപ്പലുകളും ഇപ്പോള്‍ ബാബ് അല്‍-മന്ദേബ്, സൂയസ് കനാല്‍ പാതകള്‍ ഉപേക്ഷിച്ച് ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ‘കേപ്പ് ഓഫ് ഗുഡ് ഹോപ്പ്’ വഴി തിരിഞ്ഞു സഞ്ചരിക്കുകയാണ്. ഇത്തരത്തില്‍ വഴിതിരിഞ്ഞു പോകുമ്പോള്‍ യാത്രയ്ക്ക് 10 മുതല്‍ 15 ദിവസം വരെ അധിക സമയം എടുക്കുന്നു. കപ്പലുകളുടെ ഇന്ധനച്ചിലവ് വലിയ തോതില്‍ കൂടുന്നു.യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലേക്കുള്ള ചരക്ക് വിതരണം വൈകാന്‍ ഇത് കാരണമാകുന്നു. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. ബാബ് അല്‍-മന്ദേബ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം ആഗോള വിപണിയില്‍ എണ്ണവിലയില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി ചിലവ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിനകത്ത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ഹൂതികള്‍ വീണാല്‍ അത് ഇന്ത്യക്കും ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

Share This Article