എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
വെള്ളാപ്പള്ളി നടേശൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വർഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്ത ആൾ ആണെന്ന് ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് അനുഭാവികൾ ബിന്ദു കൃഷ്ണക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. വിദ്വേഷ പരാമർശങ്ങൾ തിരുത്താൻ വെള്ളാപ്പള്ളി ഇതുവരെ തയ്യാറായിട്ടില്ല എന്നതും ചർച്ച ആവുകയാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ മുന്നിൽ സംസ്ഥാനത്തെ മന്ത്രി കൈകൂപ്പി നിന്ന് അനുഗ്രഹം വാങ്ങാൻ പാടില്ലായിരുന്നു എന്നാണ് കോൺഗ്രസ് ഗ്രൂപ്പിൽ നിന്ന് വിമർശനം ഉയരുന്നത്.
വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

