വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കരാർ കമ്പനി ഉടമയായ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാല്‍, ആദ്യ കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിപട്ടികയിലില്ല. പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, ലൈഫ് മിഷൻ സി ഇ ഒ ആയിരുന്ന യു വി ജോസ് എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
രാഷ്ട്രീയ ആരോപണങ്ങൾ ഏറെ ഉയർന്ന ലൈഫ് മിഷൻ അഴിമതി കേസിൽ ഒടുവിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. പ്രതികളായ ആറ് പേർ ചേർന്ന് നാലര കോടി രൂപയുടെ അഴിമതി നടത്തിയതിന് നേരിട്ട് തെളിവുണ്ടെന്നാണ് കണ്ടെത്തൽ. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ അഴിമതി കേസിൽ കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. കരാർ കമ്പനിയായ സെയ്ൻ വെഞ്ചേഴ്സ്, ലൈഫ് മിഷൻ എന്നിവയാണ് രണ്ടും മൂന്നും പ്രതി സ്ഥാനത്ത്. പ്രളയബാധിതരെ പുനരധിവസിപ്പിക്കാൻ തൃശൂർ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയവും ആശുപത്രിയും നിർമ്മിക്കാനായിരുന്നു പദ്ധതി. ദുബായ് ആസ്ഥാനമായുള്ള റെഡ് ക്രെസന്റ് ആയിരുന്നു 21 കോടി രൂപ ചിലവിട്ടുള്ള പദ്ധതിയുടെ സ്പോൺസർമാർ. ടെണ്ടർ പോലും വിളിക്കാതെ സന്തോഷ് ഈപ്പന്റെ സ്ഥാപനമായ യൂണിടെക് ബിൽഡേഴ്സ്,സെയ്ൻ വെഞ്ചേഴ്സ് എന്നി കമ്പനികൾക്ക് കരാർ നൽകിയത് മുതൽ അഴിമതിയുണ്ടെന്ന് സിബിഐ. യോഗ്യതയുള്ള ഹാബിറ്റാറ്റ് എന്ന കമ്പനിയെ മറികടന്നാണ് സന്തോഷ് ഈപ്പൻ കരാർ സ്വന്തമാക്കിയത്. ഇതിന് ചുക്കാൻ പിടിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായർ, യുഎഈ കോൺസുലേറ്റ് പിആർഒ ആയിരുന്ന സരിത്ത്, സ്വപ്ന സുരേഷ് എന്നിവരാണ്.
നാലര കോടി രൂപയുടെ പങ്ക് പറ്റിയത് കൂടാതെ 5 കോടി രൂപ സന്തോഷ് ഈപ്പൻ ലാഭവിഹിതവുമായി കൈകലാക്കിയെന്നും സിബിഐ. ഇതോടെ 21 കോടി രൂപയുടെ പദ്ധതിയിൽ പത്ത് കോടി രൂപയുടെ നിർമ്മാണം മാത്രമാണ് നടന്നത്. പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനും ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസിനെതിരെയും ആരോപണങ്ങൾ ഉയർന്നെങ്കിലും ആദ്യഘട്ട കുറ്റപത്രത്തിൽ ഇവർ പ്രതികളല്ല. പരാതിയിൽ വിജിലൻസ് അന്വേഷണവും തുടരുന്നതിനാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കൂടുതൽ രേഖകൾ ഇനിയും സിബിഐക്ക് കിട്ടാനുണ്ട്. വിജിലൻസ് രേഖകൾ കൈമാറിയ ശേഷം മാത്രമാകും പിണറായി സർക്കാരിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടോ എന്നതിൽ സിബിഐക്ക് വ്യക്തത വരൂ. കസ്റ്റംസും എൻഐഎയും സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും അന്വേഷണം നടത്തിയെങ്കിലും എം ശിവശങ്കറിനെതിരെ തെളിവൊന്നും കണ്ടെത്തിയിരുന്നില്ല. വിവാദവും കേസുമായതോടെ ഭവനരഹിതർക്കായുള്ള പദ്ധതി വർഷങ്ങളായി നിലച്ചിരിക്കുകയാണ്.

