നിയമസഭാ സ്പീക്കറായിരുന്ന എ എൻ ഷംസീർ പദവിയും ഔദ്യോഗിക വസതിയും ഒഴിഞ്ഞ് തലസ്ഥാനത്തോട് വിട പറഞ്ഞു. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും ഷംസീർ പടിയിറങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്.
എംഎൽഎ പോലുമല്ലാത്തതിനാൽ ഇനി തലസ്ഥാനത്ത് വരേണ്ടതില്ല. സിപിഎമ്മിന്റെ യുവമുഖവും കരുത്തുറ്റ ശബ്ദവുമായി ഇത്തവണ നിയമസഭയിൽ ഉണ്ടാകുമെന്ന് എല്ലാവരും കരുതിയിരുന്ന നേതാവ്. മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചിരുന്ന സിപിഎം പക്ഷേ പലർക്കും മൂന്ന് ടേം നൽകിയിട്ടും ഷംസീറിനെ ഒഴിവാക്കിയിരുന്നു. മന്ത്രിമാരടക്കം എല്ലാവരും വീണപ്പോൾ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ഗർജിക്കുന്ന ശബ്ദങ്ങളും ഇല്ലാതായി. ഭരണപക്ഷ നിരയിൽ വി ടി ബൽറാമും റോജിയും കെ എം ഷാജിയും ഉൾപ്പെടെയുള്ളവരോട് ഉരുളയ്‌ക്കുപ്പേരി പോലെ മറുപടി പറയാൻ ഷംസീറിനെ പോലെയുള്ള ശബ്ദങ്ങൾ ഇല്ലാതായി.
ഷംസീർ പദവിയൊഴിയുന്നതിനോടനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ‘നീതി’ സാക്ഷിയായത്.
തൻറെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റിയതായിരുന്നു അതിൽ ഏറ്റവും ഹൃദയസ്പർശിയായ രംഗം.
“സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് ഞാൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത്” എന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ അറിയിച്ചു.

