കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം ഔദ്യോഗികമായി അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 7.30 വരെയുള്ള കണക്കുകൾ പ്രകാരം 77.69 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് സമയം അവസാനിച്ച ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായതിനാൽ ക്യൂവിലുള്ളവർക്ക് ടോക്കണുകൾ വിതരണം ചെയ്തു. അന്തിമ കണക്കുകൾ വരുമ്പോൾ പോളിംഗ് ശതമാനം 80 ന് മുകളിലേക്ക് എത്തിയേക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പ്രതീക്ഷിക്കുന്നത്.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളം ജില്ലയാണ് പോളിംഗിൽ മുന്നിൽ നിൽക്കുന്നത് (79.46%). ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ് (70.43%). മണ്ഡലാടിസ്ഥാനത്തിൽ എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (83.63%) രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ 80.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇവിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി, യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ എന്നിവരാണ് രംഗത്തുള്ളത്.
