മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം വൃന്ദാവനം വീട്ടിൽ ജയി ജയകുമാറിന്റെ (35) ഹൃദയം ഇനി 14 കാരിയിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനി 14 വയസുകാരിയിലാണ് ഹൃദയം മിടിക്കുക.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.47-ഓടെയാണ് ഹൃദയം വഹിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉയർന്നത്. കൃത്യം 2.42-ന് ഹെലികോപ്റ്റർ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ലാൻഡ് ചെയ്തു. അവിടെ നിന്ന് ഹൃദയം റോഡ് മാർഗം മിനിറ്റുകൾക്കുള്ളിൽ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഇന്ന് വൈകുന്നേരം 4.05-ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലാണ് ഒരു വൃക്ക കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. രാത്രി 9.30-ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന വൃക്ക, ഉടൻ തന്നെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗിയിൽ വെച്ചുപിടിപ്പിക്കും.കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്.
തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാർക്കിൽ ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ജയിയുടെ ഹൃദയം ഉൾപ്പടെയുള്ള ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട്സർക്കാർ മെഡിക്കൽ കോളേജിലേയും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഒഫ്ത്താൽ മോളോജിയിലെയും രോഗികൾക്കുമാണ് നല്‍കിയത്.
ഏപ്രിൽ എട്ടിനാണ് കിംസ് ആശുപത്രിയിൽ വച്ചു ജയിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

