തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഭീഷണി പാടില്ല; ജപ്തിക്ക് കൃത്യമായ നടപടി ക്രമങ്ങളുണ്ട്; കൂത്താളിയില്‍ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ ജപ്തിയില്‍ ആര്‍ബിഐ നിര്‍ദേശം ലംഘിക്കപ്പെട്ടു; സൗത്ത് ഇന്ത്യന്‍ ബാങ്കിനെതിരെ ഗുരുതര ആരോപണം

insight kerala

കെ വി നിരഞ്ജന്‍

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ ബാങ്ക് പുര്‍ണ്ണമായും പ്രതിരോധത്തില്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെ കവിത (42) എന്ന വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാനും ബാങ്ക് നോഡല്‍ ഓഫീസര്‍ക്കും പരാതി നല്‍കി.മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലാണ് ബാങ്ക് അധികൃതരുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള കര്‍ശനമായ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബാങ്ക് അധികൃതര്‍ പൂര്‍ണ്ണമായി ലംഘിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സാധാരണക്കാരായ ഇടപാടുകാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

എല്ലാ ചട്ടങ്ങളുടെയും ലംഘനം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഒരു വ്യക്തിയോട് മോശമായി പെരുമാറാന്‍ പാടില്ല എന്നും, ഭീഷണിപ്പെടുത്തരുതെന്നും സമ്മര്‍ദത്തിലാക്കെരുതെന്നും ആര്‍ബിഐ നിര്‍ദേശങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനവും സമ്മര്‍ദ്ദവുമാണ് വീട്ടമ്മയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ജപ്തി നടപടികള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട മാനുഷിക പരിഗണനകളോ ആര്‍ബിഐയുടെ നയങ്ങളോ ഒന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടില്ല. അതിനാല്‍, നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ബാങ്ക് ശാഖയ്ക്കുമെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

അഞ്ച് വര്‍ഷം മുന്‍പാണ് കവിതയും ഭര്‍ത്താവ് ബാബുവും ചേര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്നും 17 ലക്ഷം രൂപ ഭവന വായ്പയായി എടുത്തത്. എന്നാല്‍ വിവിധ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ബാങ്ക് മാനേജരും മറ്റ് ജീവനക്കാരും പൊലീസിന്റെ അകമ്പടിയോടെ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയപ്പോഴാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.

കണ്‍മുന്നില്‍ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവും ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദവും താങ്ങാനാവാതെയാണ് കവിത ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന് പിന്നാലെ ബാങ്ക് അധികൃതര്‍ക്കെതിരെ പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയര്‍ന്നത്. അതേസമയം, ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്നാണ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി ഇളവുകളും മതിയായ സാവകാശവും ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നുവെന്നും ബാങ്ക് അവകാശപ്പെടുന്നു.

എന്നാല്‍ ബാങ്ക് മുന്നോട്ടുവെച്ച ഇത്തരം ആനുകൂല്യങ്ങളും സാവകാശങ്ങളും കൃത്യമായി ഉപയോഗപ്പെടുത്താന്‍ ഇടപാടുകാര്‍ക്ക് സാധിച്ചില്ലെന്നും, അതിനാലാണ് നിയമപരമായ തുടര്‍നടപടികളിലേക്ക് നീങ്ങേണ്ടി വന്നതെന്നുമാണ് ബാങ്കിന്റെ ന്യായീകരണം. സംഭവം വലിയ വിവാദമാവുകയും പൊതുസമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍, കവിതയുടെ കുടുംബത്തിന് ആശ്വാസമാകുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ ബാങ്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കവിതയുടെയും കുടുംബത്തിന്റെയും പേരിലുള്ള വായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളുമെന്നാണ് ബാങ്ക് നല്‍കിയിരിക്കുന്ന പ്രധാന ഉറപ്പ്.

ഇതിന്റെ ഭാഗമായി ഡിസംബര്‍ 15 വരെ പ്രസ്തുത വസ്തുവിലെ എല്ലാ ജപ്തി നടപടികളും അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വായ്പ പൂര്‍ണ്ണമായും എഴുതിത്തള്ളുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഔദ്യോഗികമായി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. എങ്കിലും, ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് അധികൃതരുടെ കണ്ണുതുറന്നതെന്ന വിമര്‍ശനം ശക്തമായി തുടരുകയാണ്. കവിതയുടെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക നഷ്ടപരിഹാരം ബാങ്ക് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും നാട്ടുകാരും. വരും ദിവസങ്ങളില്‍ ആര്‍ബിഐ ഓംബുഡ്‌സ്മാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അന്വേഷണ നടപടികള്‍ ഈ കേസില്‍ ഏറെ നിര്‍ണ്ണായകമാകും.

Share This Article