യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ കാണാനില്ലെന്ന യോഗിയുടെ വാദം; മതം തിരിച്ചുള്ള കണക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

insight kerala

ലഖ്‌നൗ: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് കാണാതായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിൽ വിശദീകരണവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ. വോട്ടർമാരുടെ മതം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് വകുപ്പ് ശേഖരിക്കാറില്ലെന്നും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക വിശകലനം നടത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇല്ലെന്നാണ് യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചത്. സർക്കാർ ക്ഷേമപദ്ധതികളുടെ 55 ലക്ഷം ഹിന്ദു ഗുണഭോക്താക്കളും 18-19 പ്രായത്തിലുള്ള 4.5 ലക്ഷം വോട്ടർമാരും ഉൾപ്പെടെ 66 ലക്ഷം പേരുടെ പേരുകൾ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന സർക്കാർ നിവേദനം നൽകിയതായും യോഗി വ്യക്തമാക്കിയിരുന്നു.

എന്നാൽ വോട്ടർപട്ടികയിൽ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീട്ടുനമ്പർ, ലിംഗം തുടങ്ങിയ വിവരങ്ങൾ മാത്രമാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. മതം, ജാതി എന്നിവ സംബന്ധിച്ച വിവരങ്ങൾ പട്ടികയിലില്ല. പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളും സ്വതന്ത്ര ഏജൻസികളും നടത്തുന്ന വിശകലനങ്ങളെ തിരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക കണക്കുകളായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 7.38 കോടി പുരുഷന്മാരും 6.20 കോടി സ്ത്രീകളും 4,042 മൂന്നാം ലിംഗക്കാരുമാണ്. 18-19 പ്രായപരിധിയിലുള്ള 11,83,352 വോട്ടർമാരും പട്ടികയിലുണ്ട്.

ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 18,84,113 വോട്ടർമാരുടെ വർധനവുണ്ടായതായും അദ്ദേഹം അറിയിച്ചു.

നവംബർ 17 മുതൽ ഡിസംബർ 16 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും അപേക്ഷിക്കാം. ഇതിനായി ഫോറം 6, 7, 8 എന്നിവ ഉപയോഗിക്കണം. ഡിസംബർ 28നകം പരാതികളും അപേക്ഷകളും പരിഗണിച്ചശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

ഇതിനായി നവംബർ 21, 22, 28, 29 തീയതികളിൽ സംസ്ഥാനത്തെ 1,73,730 പോളിങ് സ്റ്റേഷനുകളിലും രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Share This Article