കൊച്ചി : ചേരാനല്ലൂർ ബെൻസ് കാർ അപകടത്തിൽ 17 കാരനെതിരെ മനപ്പൂർവമുള്ള നരഹത്യയ്ക്ക് കേസെടുത്തു. നേരത്തെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നു. ആഭ്യന്തരമന്ത്രി കാര്യത്തിൽ അതൃപ്തി അറിയിച്ചു . അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശവും നൽകി. കാറിൻറെ ഉടമ അഡീഷണൽ ജഡ്ജിനെതിരെ കേസെടുക്കും.
ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17-കാരന്റെ മൊഴി പുറത്ത്. ആഗ്രഹം കൊണ്ടാണ് ജഡ്ജിയായ പിതാവിന്റെ കാർ ഓടിക്കാനെടുത്തതെന്നും നൈറ്റ് ഡ്രൈവിന് പോയതാണെന്നുമാണ് 17-കാരന്റെ മൊഴി. നൈറ്റ് ഡ്രൈവ് കഴിഞ്ഞ് വരുമ്പോൾ മഴ കാരണം സ്കൂട്ടർ കാണാനായില്ല. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ അതാണ് ശ്രദ്ധിച്ചതെന്നും 17-കാരൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അഡീഷണൽ സെഷൻസ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലായിരുന്നു അപകടം. തട്ടുകട നടത്തുന്ന ജയപാലകൃഷ്ണൻ പുലർച്ചെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ കാറോടിച്ച 17-കാരനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ പിതാവിനെതിരേ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത മകൻ പിതാവിന്റെ ഉടമസ്ഥതയിലുള്ള കാറുമായി നിരത്തിലിറങ്ങിയതിനാണ് പിതാവിനെതിരേ കേസെടുക്കുന്നത്.

