തിരുവനന്തപുരം: മുൻ സർക്കാറിന്റെ കാലത്തെ വീഴ്ചകൾ അക്കമിട്ട് നിരത്തി സിഎജി റിപ്പോർട്ട്.
കേരള റോഡ് ഫണ്ട് ബോർഡ് കരാറുകൾ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് CAG റിപ്പോർട്ട്. ഇതിൻറെ ഫലമായി 21.33 കോടി രൂപ ഒഴിവാക്കാമായിരുന്നു. ഇത് അധിക ചെലവിന് കാരണമായെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. ചരക്ക് സേവന നികുതികൾ സമർപ്പിക്കുന്നതിൽ കാലതാമസവും കൃത്യത ഇല്ലായ്മയും കാരണം പലിശയും പിഴപ്പലിശയും അടക്കം 2.12 കോടി രൂപയുടെ അനാവശ്യ കടബാധ്യത കേരള റോഡ് ഫണ്ട് ബോർഡിന് ഉണ്ടായി.
കരാറുകാർക്ക് 1.35 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അധികമായി നൽകിയെന്നും സിഎജി റിപ്പോർട്ട്. അസാധുവായ ഇൻവോയ്സുകൾക്ക് 2.72 കോടി രൂപയും 8 ഇൻവോയ്‌സുകളുടെ വില വ്യത്യാസത്തിന് 26 ലക്ഷം രൂപ അധികമായും നൽകേണ്ടിവന്നു. 2024 മാർച്ചിൽ അവസാനിച്ച കാലയളവിലെ സിഎജി റിപ്പോർട്ടിലാണ് കണ്ടെത്തൽ.
ടൂറിസം വകുപ്പിലെ പദ്ധതികളിൽ വീഴ്ചയെന്ന് CAG റിപ്പോർട്ട്. ടൂറിസം ഡയറക്ടറേറ്റിലെ പല പദ്ധതികളും സാധ്യതാ പഠനങ്ങളുടെയും നിയമപരമായ അംഗീകാരങ്ങളുടെയും അഭാവം മൂലം ലക്ഷ്യം കാണാതെ പോയി. അംഗീകാരം ഇല്ലാതെ നിർമ്മിച്ച പാലങ്ങളും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ ഉപയോഗശൂന്യമായി. ബോട്ട് ജെട്ടികളും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി. പല പദ്ധതികളുടെയും നടത്തിപ്പിലും പരിപാലനത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു.
റീബിൽഡ് കേരള
കെ.എസ്.ടി.പി മുഖേന നടപ്പിലാക്കിയ റോഡ് പ്രവൃത്തികളിൽ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിലും മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും പിഴവുകൾ കണ്ടെത്തി. ചില പ്രവൃത്തികളിൽ കരാറുകാർക്ക് അനധികൃതമായ സാമ്പത്തിക നേട്ടങ്ങളും മുൻകൂട്ടി പെയ്മെന്റുകളും നൽകിയതായി CAG കണ്ടെത്തി.

