പിണറായി ഒന്നാം പ്രതി, വീണ രണ്ടാമത്; സിഎംആർഎൽ മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

insight kerala

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി, കുഴൽപ്പണ കേസുകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ പ്രതിചേർത്ത് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആറുകൾ സമർപ്പിച്ചു.

ആകെ പതിമൂന്ന് പ്രതികളുള്ള കേസിൽ രണ്ട് വ്യത്യസ്ത എഫ്ഐആറുകളായാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നതാണ് ആദ്യത്തെ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ ടി. വീണ രണ്ടാം പ്രതിയും മുഹമ്മദ് റിയാസ് മൂന്നാം പ്രതിയുമാണ്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിക്ക് സിഎംആർഎൽ നൽകാത്ത സേവനത്തിന് 3.28 കോടി രൂപ നൽകിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തൽ.

രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഈ കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്. മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചുവന്ന ഡയറിയിലെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, വിദേശ കറൻസി കൈമാറ്റം, ബിനാമി സിം കാർഡുകളുടെ ഉപയോഗം എന്നിവയാണ് ഈ കേസിന് അടിസ്ഥാനമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. രണ്ടായിരത്തി പതിനേഴ് മുതലുള്ള കാലയളവിൽ വീണയ്ക്ക് ലഭിച്ച പണം റിയാസും സുഹൃത്തുക്കളും ചേർന്ന് കുഴൽപ്പണ ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്ന് ഇഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്.

സർക്കാരിന്‍റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ അപാകത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കരുതലോടെയായിരുന്നു നീക്കം. സർക്കാർ അപ്പീൽ നൽകണമെന്ന സിപിഎം ആവശ്യം സർക്കാർ കണക്കിലെടുക്കുന്നില്ല.

ക്രൈംബ്രാ‍‌ഞ്ച് രേഖകളെല്ലാം വിജിലൻസിന് കൈമാറി. ഹൈക്കോടതി ഉത്തരവിട്ടതിനാൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി നൽകേണ്ട ആവശ്യമില്ലെന്നാണ് നിലപാട്. വജിലൻസ് ഡയറക്ടർ ശുപാർശ ചെയ്യുന്ന പ്രത്യേക സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും. പ്രത്യേക സംഘത്തെ നിയോഗിക്കാനുളള അധികാരം സർക്കാരിനാണെന്ന് ഇന്നല്ലെ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സിംഗിൾ ബഞ്ചിന്‍റെ വിധിക്കെതിരെ പിണറായി അപ്പീൽ നൽകാനുള്ള നീക്കങ്ങളും നടത്തുകയാണ്.

Share This Article