വിഭാഗീയ നീക്കം തടയാൻ സിപിഎം; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ കണ്ട് സമവായ നീക്കം

insight kerala

കോഴിക്കോട് : വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിൽ സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളെ നേരില്‍ ബന്ധപ്പെട്ടാണ് സംസ്ഥാന നേതൃത്വം സമവായ നീക്കങ്ങൾ നടത്തുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച അടക്കം ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ച വ്യക്തമാക്കിയുളള കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ആയുധമാക്കി പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്തെന്ന ആവശ്യം ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം. എന്നാല്‍, ഇത് നേതാക്കള്‍ക്കെതിരായ കലാപക്കൊടിയായി മാറാതിരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ ഭാഗമായുളള ഓഡിറ്റോറിയത്തിലാണ് വരുന്ന ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളായി വിശാല സംസ്ഥാന സമിതി ചേരുന്നത്. പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമേ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ 300 ഓളം പേരാണ് വിശാല സംസ്ഥാന സമിതിയില്‍ പങ്കെടുക്കുക.

Share This Article