തിരുവനന്തപുരം: പി.എസ്.സി. ആസൂത്രണബോർഡ് പരീക്ഷത്തട്ടിപ്പ് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കും.
പരീക്ഷാ കൺട്രോളർ അടക്കമുള്ള ഉദ്യോഗസ്ഥരും പ്രതികളാകും. പി.എസ്.സി. അംഗങ്ങളെ പ്രതികളാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചെയർമാനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും.
ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷാ ക്രമക്കേടിൽ രജിസ്റ്റർചെയ്ത കേസുകളിൽ പരീക്ഷനടത്തിപ്പ് ചുമതല വഹിച്ച ഉദ്യോഗസ്ഥരെ പ്രതിചേർക്കും.
ചെയർമാനും അംഗങ്ങളും പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. ആസൂത്രണബോർഡ് പരീക്ഷയിൽ പി.എസ്.സി.ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥർക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമാണ് ചെയർമാന്റെ വാദം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിർദേശിക്കാനും അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാർക്ക് 40-ൽനിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയിൽ വരുന്നതാണെന്നുമാണ് ചെയർമാന്റെ മൊഴി.
പി.എസ്.സി. സെക്രട്ടറിയെ പരീക്ഷാനടത്തിപ്പ് ചുമതലകളിൽനിന്ന് ചെയർമാൻ മാറ്റിനിർത്തിയെന്ന് അംഗങ്ങളിൽ ചിലർ മൊഴിനൽകിയിരുന്നു. ഇതിന്റെ വസ്തുതതേടി ശനിയാഴ്ച സെക്രട്ടറിയെ ചോദ്യംചെയ്യും.
പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണ്. ഫോൺ സ്വിച്ച് ഓഫാണെന്നും വീട് അടച്ചിട്ടനിലയിലാണെന്നും അന്വേഷണസംഘം പറഞ്ഞു. അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കോടതിയിൽ ഹാജരാക്കി.

