മതം മാറി മുസ്ലീമായാല്‍ സംവരണം നഷ്ടമാവും; ഇസ്ലാം മതം സ്വീകരിച്ച ശേഷം ‘പിന്നാക്ക വിഭാഗ മുസ്ലീം സര്‍ട്ടിഫിക്കറ്റ്’ ലഭിക്കില്ല; സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്; തമിഴ്‌നാട്ടില്‍ ടിവികെ- ബിജെപി പോര്

insight kerala

കെ വി നിരഞ്ജന്‍

മതം മാറി മുസ്ലീങ്ങളായവര്‍ക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ, തമിഴ്‌നാട് സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ ഒരുങ്ങുന്നു. വിജയ് സര്‍ക്കാരിന്റെ ഈ നീക്കത്തെ ബിജെപി വിമര്‍ശിക്കുകയും, ഇത് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണെന്ന് ആരോപിക്കുകയും ചെയ്തു. മതം മാറുന്നതിന് മുമ്പ് ഹിന്ദു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടിരുന്നു എന്ന കാരണത്താല്‍, മതം മാറിയ ശേഷവും അതേ വിഭാഗത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബര്‍ 15-ന് ഈ വിധി പുറപ്പെടുവിച്ചത്.

പിന്നാക്ക, അതീവ പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ‘പിന്നാക്ക വിഭാഗ മുസ്ലീം സര്‍ട്ടിഫിക്കറ്റിനായി’ അപേക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു ഉത്തരവ് 2024 മാര്‍ച്ച് 9-ന് തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി.
മദ്രാസ് ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി അപ്പീല്‍ തള്ളുകയായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ടി വി കെ – ബിജെപി പോര്

മുഖ്യമന്ത്രി ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സംസ്ഥാനത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുമെന്നാണ് അറിയിച്ചത്. ഈ ലക്ഷ്യത്തോടെയാണ് വിധി തിരുത്താനായി സുപ്രീംകോടതിയെ സമീപിക്കാന്‍ പുതിയ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ പ്രതിപക്ഷത്തുള്ള ഡി.എം.കെയും അവരുടെ സഖ്യകക്ഷികളു ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എങ്കിലും, പുതിയ സര്‍ക്കാരിന്റെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലെ വീഴ്ചകളെയും മറ്റ് നയങ്ങളെയും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ഉയര്‍ത്തുന്നുമുണ്ട്.

തമിഴ്നാട് സര്‍ക്കാരിന്റെ ഈ നീക്കത്തെ ബി.ജെ.പി ശക്തമായി എതിര്‍ക്കുന്നു. അത് മുന്‍പുണ്ടായിരുന്ന ഡി.എം.കെ സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ന്യൂനപക്ഷ പ്രീണനമാണ് ടി.വി.കെ സര്‍ക്കാരും ചെയ്യുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ഏറ്റവും നിര്‍ണായകമായ നിയമ പോരാട്ടങ്ങളിലൊന്നായി ഈ വിഷയം മാറിയിരിക്കുകയാണ്.

തമിഴ്നാട്ടിലെ 3.5% മുസ്ലീം ഉപസംവരണത്തിന് (ബിസി മുസ്‌ലീം ക്വാട്ട) അര്‍ഹതയുള്ളത്, ഏഴ് ഔദ്യോഗിക പിന്നാക്ക മുസ്ലീം സമുദായങ്ങള്‍ക്കാണ്. ലബ്ബൈ (ഇതില്‍ തമിഴ്നാട്ടിലെ വലിയ മുസ്ലീം ഉപവിഭാഗങ്ങളായ റാവുത്തര്‍, മരക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നു), അന്‍സാര്‍, ഡെക്കാനി മുസ്ലീങ്ങള്‍ ,ദുദേകുല (പരമ്പരാഗതമായി പഞ്ഞി കാര്‍ക്കുന്ന ജോലി ചെയ്യുന്നവര്‍), മാപ്പിള, ഷെയ്ഖ് ,സയ്യിദ് എന്നിവയാണ്.
ഈ സുപ്രീംകോടതി വിധിക്ക് കാരണമായ പ്രധാന കേസ് തൂത്തുക്കുടി സ്വദേശിയായ പരമശിവം എന്ന വ്യക്തിയുടേതായിരുന്നു. ഹിന്ദു പിന്നാക്ക സമുദായത്തില്‍ ജനിച്ച്, 2015-ല്‍ ഇസ്ലാം മതം സ്വീകരിച്ച് സമീര്‍ അഹമ്മദ് എന്ന് പേരുമാറ്റിയ അദ്ദേഹം തനിക്ക് മേല്‍പ്പറഞ്ഞ ഏഴ് മുസ്ലീം സമുദായങ്ങളില്‍ ഒന്നായ ‘മുസ്ലീം ലബ്ബൈ’ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യവുമായിട്ടാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും മതപരിവര്‍ത്തനത്തിലൂടെ മുസ്ലീങ്ങള്‍ക്കിടയിലെ ഒരു പ്രത്യേക ‘ജാതിയിലോ’ പരമ്പരാഗത സമുദായത്തിലോ അംഗമാകാന്‍ കഴിയില്ലെന്നും, അതിനാല്‍ പഴയ ജാതിയിലെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി ഈ ആനുകൂല്യം സ്വയമേവ കൈമാറ്റം ചെയ്യപ്പെടില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ വിജയ് സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ പോവുന്നത്.

Share This Article