സിനഗോഗ് ആക്രമണക്കേസിലെ പ്രതി എബിൻ പോളിന് ഇറാൻ ബന്ധമുണ്ടെന്ന് സൂചനകൾ. എബിനെ നിയന്ത്രിച്ചിരുന്ന ബോസിന് ഇറാനുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അടുത്ത ആക്രമണത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലമാണ് ലക്ഷ്യമിട്ടിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.
ലക്ഷ്യമിട്ട സ്ഥലം എബിൻ രണ്ടുതവണ സന്ദർശിച്ചിരുന്നു. ഇവിടെനിന്നുള്ള ദൃശ്യങ്ങൾ പകർത്തി ബോസിന് പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. അടുത്ത ആക്രമണത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് എബിൻ പിടിയിലായത്. വിവിധ സ്ഥലങ്ങളിൽ പരീക്ഷണ ആക്രമണങ്ങൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. ഏഴിടങ്ങളിൽ പരീക്ഷണ ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങൾ എബിന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കേസ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ എബിനെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി എബിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ സംഘം കോടതിയെ സമീപിക്കും.

