ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്ത് ലോക്ഭവന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. ബാരിക്കേഡിന് മുകളിൽ കയറിനിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം. ലിജു, ഒ.ജെ. ജനീഷ്, ബിന്ദു കൃഷ്ണ തുടങ്ങിയവർ പ്രതിഷേധക്കാരെ അഭിവാദ്യം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിന് എത്തി.
കോഴിക്കോട് ഗതാഗതം തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. കൊച്ചിയിൽ പത്തുമിനിറ്റോളം പ്രതിഷേധക്കാർ ഗതാഗതം തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് നീക്കിയെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമായി.
ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം. ബുധനാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

