ഡൽഹി : പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസ് നടപടി. രാഹുൽ ഗാന്ധി ഉൾപ്പെടെ അറസ്റ്റിൽ. വഴിയിലൂടെ വലിച്ചിഴച്ചാണ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. എംപിമാർ അടക്കം അറസ്റ്റിലായി. മുതിർന്ന നേതാക്കളോടും പോലീസ് ബലപ്രയോഗം നടത്തി. വൻ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.
പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചാണ് രാഹുൽ ഗാന്ധിയെ അടക്കം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രിയങ്കാ ഗാന്ധി, കെ.സി വേണു ഗോപാൽ, ഡി.കെ. ശിവകുമാർ, അഖിലേഷ് യാദവ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പൊലീസിന്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയർന്നുവരുന്നത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അടിയന്തരമായി പ്രതിഷേധവുമായി നേരിട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് എത്തിയത്.

