മാനദണ്ഡങ്ങൾ കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടത്തിയ സ്ഥലം മാറ്റങ്ങൾക്ക് എതിരെ വ്യാപകമായ പരാതി ഉയർന്ന പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് . നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് യോഗം. നിയമനങ്ങളിൽ ദേവസ്വംമന്ത്രി കെ മുരളീധരൻ ബോർഡ് പ്രസിഡന്റിനെ അതൃപ്തി അറിയിച്ചിരുന്നു. സ്വർണക്കൊള്ള കേസിൽ സ്വർണം ചെമ്പാണെന്നു റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാക്കി നിയമിച്ചതും ഉത്സവത്തിനു മുൻകൂർ വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ആരോപണ വിധേയനെ ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫിസറായി നിയമിച്ചതുമാണ് വിവാദമായത്.
പുതിയ ട്രാൻസ്ഫർ ഓർഡർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നുവെന്നും ഇത് തിരുത്തണമെന്നും ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ, ദേവസ്വം ബോർഡിനും കൊള്ളയിൽ പങ്കുള്ളതായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചാർജ് ഷീറ്റിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ അതിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
