തൃശ്ശൂരിൽ ലൈംഗിക അനാശാസ്യ കേന്ദ്രത്തിൽ പണത്തെ ചൊല്ലി ക്രൂര മർദ്ദനം. ഒരാൾ കൊല്ലപ്പെട്ടു. ഒഡീഷാ സ്വദേശി ദൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. ലൈംഗിക അനാശ്യാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരും ഇടപാടിനെത്തിയവരും ഇതര സംസ്ഥാനക്കാരാണ്. ഒഡീഷ ആസാം സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടംഗസംഘമാണ് മർദ്ദിച്ചത്.
ഇക്കഴിഞ്ഞ 18 രാത്രി 10 മണിക്ക് തൃശൂർ കോരപ്പത്ത് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. കൊല്ലപ്പെട്ട ദൻപത് നായ്ക്കും ഇതര സംസ്ഥാനക്കാരായ രണ്ടു സുഹൃത്തുക്കളും ചേർന്ന് ലൈംഗിക ആവശ്യത്തിനായി ഈ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും തൃശ്ശൂർ എംജി റോഡിലെ ഹോട്ടലിലെ ജീവനക്കാരാണ്.
സർവീസ് മോശമാണെന്ന് പറഞ്ഞു പണത്തെ ചൊല്ലി തർക്കം ഉടലെടുത്തു. ഇതോടെ ലൈംഗിക ഇടപാട് കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം മൂവരെയും ക്രൂരമായി മർദ്ദിച്ചു. ഇടി വള ഉൾപ്പെടെ ഉപയോഗിച്ചാണ് മൂവരെയും മർദ്ദിച്ത്.
മർദ്ദനത്തിനുശേഷം പ്രതികൾ മൂവരെയും കാറിൽ കയറ്റി കോട്ടപ്പുറത്തെ താമസ സ്ഥലത്ത് ഇറക്കിവിട്ടു. നാണക്കേട് ഭയന്ന് മൂവരും ആദ്യഘട്ടത്തിൽ ചികിത്സ തേടിയില്ല. പിറ്റേദിവസം ആണ് മൂവരും ആശുപത്രിയിൽ ചികിത്സ തേടിയത്. ദൻപദ് നായിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്.
സംഭവത്തിൽ അസാം – ഒറീസ സ്വദേശികളായ ആറുപേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളത്. ഒരാൾ അസമിലേക്ക് കടന്നതായി പോലീസിനെ വിവരം ലഭിച്ചിട്ടുണ്ട്. എട്ടാമത്തെ ആളെ പോലീസ് അന്വേഷിച്ചുവരികയാണ്.

