കൊച്ചി: അമ്മ സംഘടനയിലെ വൻ പൊട്ടിത്തെറിയെ തുടർന്ന് ഭരണ സമിതി പിരിച്ചുവിട്ടു . 17 അംഗങ്ങളും രാജിവച്ചു. അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. രമേശ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. നാലു മാസത്തേക്കാണ് കാലാവധി.
വൻ പൊട്ടിത്തെറിയാണ് ജനറൽ ബോഡി യോഗത്തിൽ ഉണ്ടായത്. സംഘടനയിലെ തർക്കങ്ങൾക്കു പിന്നാലെയാണ് സംഘടന പ്രസിഡന്റായ ശ്വേത മേനോൻ ഉൾപ്പെടെ പതിനേഴംഗ ഭരണസമിതി രാജിവച്ചത്. ഭരണപരമായ തർക്കങ്ങളുടെയും വരവു–ചിലവു കണക്കുകളിലെ പിഴവുകളുടെയും സംഘടനയിലുണ്ടായ തർക്കങ്ങളുടെയും പിന്നാലെയാണ് രാജി. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.
അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വൻ പൊട്ടിത്തെറിയും നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രമുഖ താരങ്ങൾ തമ്മിൽ യോഗത്തിൽ നേർക്കുനേർ തർക്കിച്ചു. കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന മുതിർന്ന ഭാരവാഹികളുടെ പാനൽ റിപ്പോർട്ട് പാസാക്കുന്നതിനെ ശക്തമായി എതിർത്തതോടെ യോഗം കലുഷിതമായി.
കണക്കുകളിൽ ഗുരുതരമായ പിഴവുകളുള്ള റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരും നിലപാടെടുത്തു. ഇതോടെ വാർഷിക റിപ്പോർട്ട് പാസാക്കാനാകാതെ ഭരണസമിതി പ്രതിസന്ധിയിലായി. തർക്കം മുറുകിയതോടെ, വിഷയത്തിൽ വിശദമായ പഠനം നടത്താൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങൾ ഉറച്ചുനിന്നതോടെയാണ് ഭരണസമിതിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

