മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം ലീഗിൻ്റെ നിലപാട്: ജി സുകുമാരന്‍ നായര്‍

insight kerala

കോട്ടയം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവര്‍ക്ക് ഇതില്‍ എന്താണ് കാര്യം?. ഇന്ന ആള്‍ വേണമെന്നും വേണ്ടെന്നും പറയാന്‍ ഘടകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് അഭിപ്രായം തേടേണ്ടി വന്നത്. എന്നാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങി എന്ന് പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ പ്രഖ്യാപനം ഇത്രയും നീളില്ലായിരുന്നു. ഘടകകക്ഷികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ചേരുന്നതല്ല. മൂന്ന് പേര്‍ വന്നതുകൊണ്ട് അനുകൂലിക്കാനോ എതിര്‍ക്കാനോ പാടില്ലായിരുന്നു. ആര് വന്നാലും സ്വീകരിക്കണം. അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഘടകകക്ഷികളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പ്രഖ്യാപനം കുറച്ചുകൂടി നേരത്തേയാകുമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Share This Article