ഹൈക്കമാൻ്റ് തീരുമാനത്തിന് കാതോർത്ത് കോൺഗ്രസ്; രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും; പ്രതീക്ഷയോടെ നേതാക്കൾ

insight kerala

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻ്റ് തീരുമാനത്തിന് കാതോർത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ.‌ AKCC നിരീക്ഷകർ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻ്റിന് കൈമാറും. എംഎൽഎമാരുടെ പിന്തുണ കൂടുതലും കെ സി വേണുഗോപാലിനാണെങ്കിലും ഘടകകക്ഷികൾ ആവശ്യപ്പെടുന്നത് വി ഡി സതീശനെ തെരഞ്ഞെടുക്കണമെന്നാണ്. മുതിർന്ന നേതാക്കളെ ഉടൻതന്നെ ഡൽഹിയിലേക്ക് വിളിപ്പിക്കും. നാളെ തീരുമാനത്തിലെത്താൻ ആണ് നീക്കം. ഞായറാഴ്ച പ്രഖ്യാപനം ഉണ്ടാകും.

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ തെരുവിൽ ഇറങ്ങിയത് ഗൗരവത്തോടെ ആണ് ഹൈക്കമാൻ്റ് കാണുന്നത്. ഇന്ന് വീണ്ടും എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ പ്രകടനം നടത്താൻ വി ഡി സതീശൻ്റെ അനുകൂലികൾ തീരുമാനമെടുത്തിരിക്കുന്നു. മറ്റു ജില്ലകളിലേക്കും സതീശന് വേണ്ടി പ്രകടനം വ്യാപിക്കും.

അതേസമയം തീരുമാനം പ്രവർത്തകരുടെ വികാരം അവഗണിച്ചാകരുതെന്നാണ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തുകയാണ് കെ.സി.വേണുഗോപാൽ. സതീശന് പിന്തുണ പ്രഖ്യാപിച്ച ലീഗ്, കേരള കോൺഗ്രസ് പാർട്ടികളുടെ നിലപാടിൽ കെ.സി വേണുഗോപാൽ വിഭാഗം കടുത്ത അമർഷത്തിലാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article