തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഡോ.ബി. അശോക് ഐഎഎസ്. സസ്പെൻഷൻ നടപടിയിൽ വ്യക്തത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു എന്നതാണ് ഉത്തരവിൽ പറയുന്നത് . കോടതിയെ സമീപിക്കുന്നില്ല. പുതിയ സർക്കാർ അധികാരം ഏൽക്കുമ്പോൾ ഉത്തരവ് പിൻവലിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവധി കഴിഞ്ഞ സർക്കാരിന്‍റെ ഉത്തരവാണ് നിലവിലുള്ളത്. പോകുന്ന പോക്കിൽ ശത്രുക്കൾക്കെതിരെ വെടിയുതിർത്ത് പോവുക എന്നതാണ് സർക്കാർ നിലപാട്. സസ്പെൻഷനെ അംഗീകാരമായി കണക്കാക്കുന്നു. എല്ലാതരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്‍റെ നാണക്കേട് മറക്കാനാണ് തനിക്കെതിരെയുള്ള നടപടിയെന്നും അശോക് ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥർ തന്‍റെ അടിമ വേലക്കാരാണെന്ന ചിലരുടെ മനോഭാവത്തിന്‍റെ ഉത്തരവാണ് സസ്പെൻഷൻ ഉത്തരവ്. അതിന് ഒരു വിലയും ഇല്ല. അത് ചവറ്റുകുട്ടയിലേക്ക് പോകും. എന്താണ് തനിക്കെതിരായ നടപടിക്ക് കാരണമായ പരാമർശം എന്ന് ഉത്തരവിൽ പറയുന്നില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സസ്പെൻഷൻ ഉത്തരവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൽ കൃത്യമായ കോർഡിനേഷൻ ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ എല്ലാം താളം തെറ്റി. വിരമിച്ച 12 ഓളം ഉദ്യോഗസ്ഥരെയാണ് പ്രധാനപ്പെട്ട പോസ്റ്റുകളിൽ സർക്കാർ നിയമിച്ചത്. എം.ശിവശങ്കർ മികച്ച കോഡിനേഷൻ നടത്തിയിരുന്നു. സിവിൽ സർവീസുമായുള്ള എല്ലാ കോർഡിനേഷനും താളം തെറ്റിയെന്നും അശോക് ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്‍റെ നയങ്ങളെ പരസ്യമായി വിമർശിച്ചതിനാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ അശോകിനെ സസ്പെൻഡ് ചെയ്തത്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

