നിതിൻ രാജിന്‍റെ മരണം; അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം: എം.വി ഗോവിന്ദൻ

insight kerala

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ കാരണക്കാരനായ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവത്തിൽ അന്വേഷണം കുറ്റമറ്റതായ രീതിയിൽ പൂർത്തിയാക്കണമെന്നും കോളജിൽ നിന്ന് ഒഴിവാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇത്തരം വിഷജീവികളെ ഫലപ്രദമായി തിരുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അഞ്ചരക്കണ്ടി കോളജിലെ സംഭവത്തിൽ സിപിഎം പാർട്ടി നിതിന്‍റെ കുടുംബത്തോടൊപ്പമാണ്. പ്രതിയായ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം. അന്വേഷണം കുറ്റമറ്റതായ രീതിയിൽ പൂർത്തിയാക്കണം. ഇത്തരം വിഷജീവികളെ കോളജിൽ നിന്ന് ഒഴിവാക്കിയതിൽ മാത്രം കാര്യമില്ല, മറിച്ച്,ഫലപ്രദമായി തിരുത്താൻ കൂടി സാധിക്കണം. അതിന് സിപിഎം മുന്നിൽ നിൽക്കും. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം’. ഗോവിന്ദൻ പ്രതികരിച്ചു. നിതിൻ രാജിന്‍റെ കുടുംബത്തിന് സിപിഎം നിർമിച്ചുകൊടുക്കുന്ന വീടിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതിന്‍റെ മരണത്തിൽ അതീവ പ്രയാസമുണ്ട്. അതുകൊണ്ടാണ് ഏരിയ കമ്മിറ്റികൾ ചേർത്തുകൊണ്ട് ഈ സന്നദ്ധ പ്രവർത്തനം നടത്താൻ തീരുമാനിച്ചത്. നിതിൻ രാജിന്‍റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുകയാണ് ഉദ്ദേശ്യം. അസാധാരണമായ ജാതീയധിക്ഷേപം ഉൾപ്പെടെയുള്ളവയാണ് നിതിൻ നേരിടേണ്ടിവന്നത്. ഒരു മാസത്തിനുള്ളിൽ കുറ്റവാളികളെ ശിക്ഷിക്കാനുള്ള കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തിരുവനന്തപുരം ഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ രണ്ട് ആഴ്ചകൾക്ക് മുൻപാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്‍റിങ് തൊഴിലാളിയായ രാജന്‍റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടേയും മകനാണ് നിതിൻ. നിറത്തിന്‍റെയും ജാതിയുടെയും പേരിൽ അധ്യാപകർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ‘തെരുവ് പട്ടി’ എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Share This Article