മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടം അന്വേഷിക്കുന്ന കമ്മിഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കൊച്ചിയിലെത്തി. കമ്മിഷന്റെ നിയമനം മാത്രം കിട്ടിയതേ ഉള്ളൂ എന്നും ടേംസ് ഓഫ് റഫറൻസ് കിട്ടിയ ശേഷം അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ചൊവ്വാഴ്ച ആശുപത്രിയിൽ എത്തി അപടകടത്തിൽപ്പെട്ടവരെ കാണും. ജില്ല പോലീസ് മേധാവി, കളക്ടർ തുടങ്ങിയവരെ നേരിൽ കാണും. ശേഷം അപകട സ്ഥലം നേരിട്ട് സന്ദർശിക്കും. 6 മാസം സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് തയ്യാറാക്കാൻ അത്രയും സമയം വേണം”.
“വെടിക്കെട്ട് നിർത്തലാക്കാൻ സർക്കാരിന് ഒരു കമ്മിഷന്റെ ആവശ്യം ഇല്ല. സർക്കാർ അങ്ങനെ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഇപ്പോൾ അറിയില്ല. വെടിക്കെട്ടിന്റെ പാറ്റേൺ മാറ്റിയാൽ അപകടം കുറക്കാൻ സാധിക്കും. മുൻകരുതൽ വേണം. ആരും വരുത്തി വെക്കുന്നതല്ല ഇത്. അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. ഏറ്റവും മോശം കാലാവസ്ഥയിൽ ആണ് തൃശ്ശൂർ പൂരം നടക്കുന്നത്. വെടിക്കെട്ട് അപകട രഹിതമായി നടത്താൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. വെടിക്കെട്ട് രീതി മാറ്റിയാൽ അപകടം കുറക്കാൻ സാധിക്കും. തെളിവെടുക്കാൻ കമ്മീഷന് പരിമിതികൾ ഇല്ല.”

