ന്യൂഡൽഹി:വനിത സംവരണ ബില്ലിനെ എതിർക്കാൻ പ്രതിപക്ഷം. ബില്ലിൻ്റെ മറവിൽ മണ്ഡല പുനർ നിർണയം അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ന് (ഏപ്രിൽ 15) കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് നിലപാട് അറിയിച്ചത്.
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം പരമാവധി 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ നാളെ (ഏപ്രിൽ 16) പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കെയാണ് കോൺഗ്രസിൻ്റെ നീക്കം. ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനാണ് തീരുമാനം. സംസ്ഥാനങ്ങളിൽ സീറ്റുകൾ നിശ്ചയിക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നും ധാരണയായ ശേഷം ബില് പാസാക്കിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മണ്ഡല പുനർ നിർണയം വരുമ്പോൾ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാമുഖ്യം ഇടിയും. അത് അംഗീകരിക്കാൻ ആവില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. അതിനാൽ ബില്ലിനെ എതിർക്കാനാണ് യോഗത്തിൽ നേതാക്കൾ നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസിൻ്റെ നിലപാട് ഇന്ത്യ സംഖ്യത്തെ അറിയിച്ചതിന് ശേഷമായിരിക്കും ഒറ്റ ഘട്ടമായി ഒരു അന്ത്യമ തീരുമാനം എടുക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വരുന്ന വെള്ളിയാഴ്ച ലോക്സഭയിലും ശനിയാഴ്ച രാജ്യസഭയിലും പാസാക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം.
മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർജെഡി, സിപിഐ, സിപിഎം നേതാക്കളും പങ്കെടുത്തു. ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെക്കൂടാതെ ഡിഎംകെയുടെ ടി ആർ ബാലു, ആർജെഡിയുടെ തേജസ്വി യാദവ്, തൃണമൂലിൻ്റെ സാഗരിക ഘോഷ്, ശിവസേന (യുബിടി) നേതാക്കളായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, എൻസിപി-എസ്സിപിയുടെ സുപ്രിയ സുലെ എന്നിവരും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്വീർ യാദവ് എന്നിവരും ചർച്ചയിൽ പങ്കാളകളായി.
സിപിഐ നേതാവ് ആനി രാജ, സിപിഎമ്മിൻ്റെ നിലോത്പാൽ ബസു, എഎപി നേതാവ് സഞ്ജയ് സിങ്, സ്വതന്ത്ര എംപി കപിൽ സിബൽ, ഐയുഎംഎല്ലിൻ്റെ ഇടി മുഹമ്മദ് ബഷീർ, ആർഎസ്പിയുടെ എൻകെ പ്രേംചന്ദ്രൻ എന്നിവരും കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ജയറാം രമേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. കഴിഞ്ഞ ദിവസം ഡൽഹിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം.

