special report
എം മാധവദാസ്
ഇസ്ലാമിക ഭീകരതക്ക് വെള്ളം വളവും നല്‍കി വളര്‍ത്തിയ രണ്ടു രാജ്യങ്ങള്‍ ഇപ്പോള്‍ ഒരുപോലെ അനുഭവിക്കയാണ്. അതാണ് പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അവസ്ഥ. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെ ‘പരസ്യയുദ്ധം’ പ്രഖ്യാപിച്ചിരിക്കയാണ് പാക്കിസ്ഥാന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിലും പാക്കിസ്ഥാന്‍ ശക്തമായ വ്യോമാക്രമണം നടത്തി. മണിക്കൂറുകള്‍ക്ക് മുമ്പ് താലിബാന്‍ സൈന്യം പാക് അതിര്‍ത്തിപോസ്റ്റുകള്‍ ആക്രമിച്ചതിന് പകരമായാണ് ഈ പ്രത്യാക്രമണം.
”ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു, ഇനി നിങ്ങള്‍ക്കെതിരെ നേരിട്ടുള്ള യുദ്ധമാണ്” എന്ന് പാക്പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പരസ്യമായി പ്രഖ്യാപിച്ചു. ഇതോടെ ഖത്തറിന്റെ മധ്യസ്ഥതയില്‍ നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.

കാബൂളില്‍ മൂന്ന് ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കാബൂള്‍, കാണ്ഡഹാര്‍, പക്തിയ പ്രവിശ്യകളിലെ താലിബാന്റെ പ്രധാന സൈനിക താവളങ്ങളാണ് പാക്വ്യോമസേന ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ താലിബാന്റെ രണ്ട് ബ്രിഗേഡ് ആസ്ഥാനങ്ങളും ഒരുകോര്‍പ്‌സ് ആസ്ഥാനവും തകര്‍ത്തതായി പാക് ഔദ്യോഗിക മാധ്യമമായ പി.ടി.വി ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. കാണ്ഡഹാറിലെ താലിബാന്റെ ആയുധപ്പുരകളും ലോജിസ്റ്റിക് ബേസുകളുംതകര്‍ത്തതായും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു.
എന്നാല്‍, ജനവാസ മേഖലകളിലാണ് പാക്കിസ്ഥാന്‍ ബോംബിട്ടതെന്നും പക്തിയയിലെ അഭയാര്‍ത്ഥിക്യാമ്പില്‍ വീണ മോര്‍ട്ടാര്‍ ഷെല്ലേറ്റ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക്പരിക്കേറ്റതായും അഫ്ഗാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
താലിബാന്‍ ഭീതിയില്‍
പാക്കിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയ്ക്ക് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണകൂടം അഭയം നല്‍കുന്നുവെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. ടിടിപി നേതാവായ നൂര്‍ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് കബൂളില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനിലെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും സ്ഥിതി വഷളാക്കി.അഫ്ഗാന്‍ സേന പാക് അതിര്‍ത്തി പോസ്റ്റുകള്‍ ആക്രമിച്ചതിന് മറുപടിയായി പാക്കിസ്ഥാന്‍ ഇപ്പോള്‍ ‘ഓപ്പറേഷന്‍ ഖസബ് ലില്‍ ഹഖ്’ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചിരിക്കുകയാണ്. ഈ ആക്രമണങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന സൈനിക താവളങ്ങളും ആയുധപ്പുരകളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ മണ്ണില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ തടയാന്‍ അഫ്ഗാന്‍ ഭരണകൂടം തയ്യാറാകാത്തതിനാല്‍ ‘ക്ഷമയുടെ നെല്ലിപ്പടി കണ്ടു’ എന്നാണ് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്.

അഫ്ഗാന്‍ മണ്ണില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതിനെതിരെ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
പരമാധികാരത്തോടുള്ള പിന്തുണ: അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഇന്ത്യ പിന്തുണയ്ക്കുന്നു. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ മറച്ചുവെക്കാന്‍ അയല്‍രാജ്യങ്ങളെ കുറ്റപ്പെടുത്തുന്ന പാക്കിസ്ഥാന്റെ പഴയ ശൈലിയാണ് ഇതെന്നും ഇന്ത്യ വിമര്‍ശിച്ചു.
താലിബാന്‍ ഭരണകൂടവുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, അഫ്ഗാന്‍ ജനതയ്ക്ക് ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ നല്‍കുന്നത് ഇന്ത്യ തുടരുന്നുണ്ട്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈന, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മറ്റു രാജ്യങ്ങള്‍: ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഭീകരവാദം തടയാന്‍ പ്രാദേശിക സഹകരണം ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.

