തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികൾക്കെതിരെ മൂന്നാം മുറ പ്രയോഗിച്ച
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ
നാലു പൊലീസുകാരെ സസ്പെന്റ് ചെയ്തു.
ഗ്രേഡ് എസ് ഐ യേയും 3 സിവിൽ പൊലീസ് ഉദ്യോഗസ്ഥരേയുമാണ് സസ്പെൻഡ് ചെയ്തത്..
കേസിൽ രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ പിടിയിലായ ജിനുവിന്
പൊലീസ് മർദ്ദനത്തിൽ മാരകമായി പരുക്കേറ്റിരുന്നു. വൃക്കകൾ തകർന്ന ഇയാൾ ശസ്ത്രക്രിയയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കൊച്ചിയിൽ നിന്നും പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് നിന്നും പിടികൂടിയതായി രേഖയുണ്ടാക്കി അറസ്റ്റ് രേഖയിൽ കൃത്രിമം കാട്ടിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരുമ്പോൾ ക്രൂരമായി മർദിക്കുകയായിരുന്നു.. സ്റ്റേഷനിൽ ഗ്രേഡ് എസ് ഐ മൂന്നാം മുറ പ്രയോഗിച്ചതോടെ അവശതയിലായ ജിനുവിനേയും മറ്റൊരു പ്രതി ഉണ്ണിയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ബാറിന്റെ മുമ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലാണ് ജിനുവിനെയും ഉണ്ണിയെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പെലീസ് കസ്റ്റഡിയിലെടുത്തത്.

