ന്യൂഡൽഹി: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ബിപിഞ്ചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.
2017 മേയിൽ ബോംബെ ഹൈക്കോടതി ശരിവെച്ച ശിക്ഷ ചോദ്യം ചെയ്ത് ഇരുവരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. കേസിൽ നിയമപരവും വസ്തുതാപരവുമായ നിരവധി കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടൊപ്പം ജോഷിയുടെ ഗുരുതരമായ ശാരീരിക വൈകല്യവും കോടതി പരിഗണിച്ചു.
എ, കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. ആദ്യ എഫ്.ഐ.ആറിൽ പ്രതികളിലൊരാളുടെ പേര് ഉണ്ടായിരുന്നില്ലെന്നും സംഭവത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ ഉൾപ്പെടുത്തിയതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ക അതിജീവിതയുടെ ആദ്യ മൊഴിയിലും വൈദ്യപരിശോധനയ്ക്കിടെ ഡോക്ടർക്ക് നൽകിയ മൊഴിയിലും ഈ രണ്ട് പ്രതികളുടെ പേരുകൾ പരാമർശിച്ചിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
നേരത്തെ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ 11 പ്രതികളുടെ മോചനം 2024 ജനുവരിയിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഗുജറാത്ത് സർക്കാരിന് ഇവർക്ക് ശിക്ഷാ ഇളവ് അനുവദിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരിച്ചെത്താനും ഉത്തരവിട്ടിരുന്നു. തുടർന്ന് 11 പേരും കീഴടങ്ങി ജയിലിലേക്ക് മടങ്ങിയിരുന്നു.
ഇവരിൽപ്പെട്ട രണ്ട് പേർക്കാണ് ഇപ്പോൾ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

